പോളിങ് സ്‌റ്റേഷനുകളിലെ വെബ്കാസ്റ്റിങിന്റെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെക്കുന്നതില്‍ സ്വകാര്യതയും നിയമപരമായ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപി നേതൃത്വത്തിലുള്ള മഹാസഖ്യം വിജയിച്ച കഴിഞ്ഞ വര്‍ഷത്തെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നുള്ള ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായ ആരോപണങ്ങള്‍ക്കും വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യത്തിനും പിന്നാലെയാണ് കമ്മീഷന്റെ പ്രതികരണം.
ദൃശ്യങ്ങള്‍ പുറത്തുവിടുന്നതിലൂടെ വോട്ടര്‍മാരെ ഏതെങ്കിലും ഗ്രൂപ്പിനോ വ്യക്തികള്‍ക്കോ എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് വഴി തുറക്കുമെന്നും ഇത് വോട്ടര്‍മാര്‍ക്കെതിരായ സമ്മര്‍ദ്ദം, വിവേചനം, ഭീഷണിപ്പെടുത്തല്‍ മുതലായ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലേതടക്കം ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍പ്പട്ടിക ലഭ്യമാക്കണം, പോളിങ് ബൂത്തുകളിലെ വൈകുന്നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം തുടങ്ങിയ ആവശ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.
മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഇനി ബിഹാറിലും, അതുപോലെ ബിജെപി പരാജയപ്പെടാന്‍ സാധ്യതയുള്ള മറ്റിടങ്ങളിലും ആവര്‍ത്തിക്കുമെന്നും ഇത്തരം ‘മാച്ച് ഫിക്‌സഡ്’ തെരഞ്ഞെടുപ്പുകള്‍ ഏതൊരു ജനാധിപത്യത്തിനും അപകടകരമാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്ന സമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുപകരം ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്താനുള്ള തീരുമാനം കളങ്കിതമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോട് തെരഞ്ഞെടുപ്പു കമ്മീഷന്‍ മൗനം പാലിക്കുകയും ചിലപ്പോള്‍ അക്രമാസക്തമായി പ്രതികരിക്കുകയും ചെയ്‌തെന്നും രാഹുല്‍ പറഞ്ഞിരുന്നു.
STORY HIGHLIGHT : cctv-footage-of-polling-stations-on-election-commission
















