മറ്റൊരുവന്റെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം അഥവാ ഒളിഞ്ഞുനോട്ടം അതിന്റെ അതിർവരമ്പുകളെല്ലാം ലംഘിച്ച് മനുഷ്യ ജീവന് തന്നെ ഭീഷണിയായി തുടങ്ങുന്നു. കണ്ണൂരിലെ റസീന എന്ന പെണ്‍കുട്ടിയുടെ മരണം ഇത്തരം സദാചാര ഗുണ്ടായിസം കേരളത്തിൽ പിടിമുറുക്കുന്നതാണ് കാണിക്കുന്നത്. ഒരു റസീനയിൽ ഒതുങ്ങുന്നില്ല സദാചാര വാദികളുടെ ക്രൂരതകൾ..അറിഞ്ഞും അറിയാതേയും എത്ര ഇരകൾ..
2019 ൽ മലപ്പുറം പുതുപ്പറമ്പിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് ജീവനൊടുക്കിയ 22 കാരൻ ഷാഹിറിനെ മലയാളി മറക്കാനിടയില്ല. പെൺ സുഹൃത്തിനൊപ്പം പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്തു എന്നതാണ് ആൾക്കൂട്ട വിചാരണ നേരിടേണ്ടി വന്നതിന് കാരണം. ഷാഹിറിന് പെൺകുട്ടിയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
തുടർന്ന് പെൺകുട്ടിയും ഷാഹിറും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി രക്ഷപ്പെട്ടുവെങ്കിലും ഷാഹിറിൻ്റെ ജീവൻ രക്ഷിക്കാനായില്ല. 2017 ൽ സമാന സംഭവം കൊല്ലത്ത് റിപ്പോർട്ട് ചെയ്‌തിരുന്നു. ഫെബ്രുവരി 14 ന് അനീഷും പെൺ സുഹൃത്തും അഴീക്കൽ ബീച്ചിൽ എത്തുകയും സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാവുകയും ചെയ്‌തു.
പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ അനീഷ് പ്രതികരിച്ചതിൽ പ്രകോപിതരായി സംഘം ആക്രമിക്കുകയും ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തു. തുടർന്ന് ഒൻപത് ദിവസങ്ങൾക്ക് ശേഷം അനീഷ് ജീവനൊടുക്കുകയായിരുന്നു.
2016 ൽ മലപ്പുറം മങ്കടയിൽ 42 കാരനെയും സമാനരീതിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. 27 കാരനായ യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് ആൾക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ 2014 ൽ കോഴിക്കോട് കോടതി പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.ആൾക്കൂട്ട വിചാരണയും സോഷ്യൽ മീഡിയ വിചാരണയും കാരണം മാനസീകമായി തളർന്ന് പോയവരും ഏറെയുണ്ട്. ഒരു വസ്ത്രമിട്ടാൽ, ഒരാളോട് സംസാരിച്ചാൽ ഇല്ലാതാകുന്നതാണ് നമ്മുടെ സദാചാരം എന്ന് വിശ്വസിക്കുന്ന ചിലർ സ്വകാര്യതയുടെ അതിർവരമ്പ് ലംഘിച്ച് കടന്നുകയറുന്നത് മറ്റൊരാളുടെ ജീവിതത്തിലേക്കാണ്.മുൻവിധികളോടെയുളള മുദ്രകുത്തലുകളും പഴകിയ പൊതുബോധങ്ങളുമാണ് സദാചാര പൊലീസുകാരുടെ വളർച്ചയ്ക്ക് പ്രധാനകാരണം. ആൾക്കൂട്ട വിചാരണയും സദാചാര പൊലീസിങും നിയമപരമായി നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ ഇനിയും ഈ നരവേട്ട തുടർക്കഥയായേക്കാം. ഇതിനായി ലൈംഗിക വിദ്യാഭ്യാസം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുകയും മൂല്യബോധമുളള പൗരരെ വാർത്തെടുക്കുകയും ചെയ്യേണ്ടതുണ്ട്.