നത്തിങ് ഫോൺ 3, വിവോ എക്‌സ് ഫോൾഡ് 5, വിവോ X200 FE, വൺപ്ലസ് നോർഡ് 5, നോർഡ് സിഇ 5, സാംസങ് ഗാലക്‌സി Z ഫോൾഡ് 7, സാംസങ് ഗാലക്‌സി 7 ഫ്ലിപ് 7, ഗാലക്‌സി ഫ്ലിപ് 7 FE എന്നിവയാണ് 2025 ജൂലൈയിൽ പുറത്തിറക്കാൻ സാധ്യതയുള്ള ഫോണുകൾ. അവയിൽ ചിലതിന്‍റെ ലോഞ്ച് ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 20,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ വിലയുള്ള ഫോണുകൾ വരാനിരിക്കുന്ന സ്‌മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
നത്തിങ് ഫോൺ 3:
യുകെ ആസ്ഥാനമായുള്ള സ്‌മാട്ട്‌ഫോൺ ബ്രാൻഡായ നത്തിങ് തങ്ങളുടെ ആദ്യത്തെ ഫ്ലാഗ്‌ഷിപ്പ് സ്‌മാർട്ട്‌ഫോണായ നത്തിങ് ഫോൺ 3 ജൂലൈ 1ന് ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണിയിൽ ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഫോണിന്‍റെ വില ഏകദേശം 800 പൗണ്ട് (ഏകദേശം 93,000 രൂപ) ആയിരിക്കുമെന്ന് കമ്പനി സിഇഒ കാൾ പേയ് ഒരു വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്.
മാക്‌സ് ജാംബോർ എക്‌സിൽ പങ്കിട്ട പോസ്റ്റിൽ വരാനിരിക്കുന്ന നത്തിങ് ഫോൺ 3യുടെ ഗ്ലിഫ് ഇന്‍റർഫേസ് ലൈറ്റിങ് നീക്കം ചെയ്‌തതായി പറയുന്നുണ്ട്. 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുള്ള 6.77 ഇഞ്ച് AMOLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ്, 50MP മെയിൻ റിയർ ക്യാമറയും 32MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്ന ഒരു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്നിവയാണ് പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ.
വിവോ എക്‌സ് ഫോൾഡ് 5, എക്‌സ് 200 എഫ്‌ഇ:
വിവോയുടെ വരാനിരിക്കുന്ന ഫോൾഡബിൾ ഫോണായ വിവോ എക്‌സ് ഫോൾഡ് 5, മറ്റൊരു സ്‌മാർട്ട്‌ഫോണായ എക്‌സ് 200 എഫ്‌ഇ എന്നിങ്ങനെ രണ്ട് സ്‌മാർട്ട്‌ഫോണുകൾ ലോഞ്ചിനൊരുങ്ങുകയാണ്. ഇവ ജൂലൈ 10ന് പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനി ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.
രണ്ട് ഫോണുകളും സർട്ടിഫിക്കേഷൻ ലിസ്റ്റിങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിവോ എക്‌സ് ഫോൾഡ് 5 ജൂൺ 25 ന് ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഇന്ത്യൻ വിപണിയിലും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. ചൈനയിൽ അടുത്തിടെ പുറത്തിറക്കിയ വിവോ എസ് 30 പ്രോ മിനിയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും വിവോ എക്‌സ് 200 എഫ്‌ഇ.
6.31 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 9300+ അല്ലെങ്കിൽ 9400 ഇ ചിപ്‌സെറ്റ്, 50 എംപി സോണി IMX921 മെയിൻ ക്യാമറ, 3x സൂമുള്ള 50 എംപി ടെലിഫോട്ടോ ലെൻസ്, 50 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ, 90W ഫാസ്റ്റ് ചാർജിങ്, 6500 എംഎഎച്ച് ബാറ്ററി, ഐപി 69 റേറ്റിങ് എന്നിവയാണ് മറ്റ് പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ.
അതേസമയം, പ്രീമിയം ഫോൾഡബിൾ ഫോണായ വിവോ X200 FE 8.03 ഇഞ്ച് ഇന്നർ AMOLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ്, 6,000mAh ബാറ്ററി എന്നീ ഫീച്ചറുകളുണ്ടായിരിക്കും. അൾട്രാ-പ്രീമിയം വിഭാഗത്തിൽ ഈ ഫോൺ വിവോ പുറത്തിറക്കാനും സാധ്യതയുണ്ട്.
വൺപ്ലസിന്‍റെ വരാനിരിക്കുന്ന ഫോണുകളായ നോർഡ് 5, നോർഡ് സിഇ 5 ജൂലൈ 8 ന് ലോഞ്ച് ചെയ്യാനാകുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള ഒരു ഫ്ലാറ്റ് AMOLED ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 9400e ചിപ്‌സെറ്റ്, 100W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7,000mAh ബാറ്ററി എന്നിവ നോർഡ് 5ൽ പ്രതീക്ഷിക്കാം. അതേസമയം വൺപ്ലസ് നോർഡ് സിഇ 5ൽ 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റ്, 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7100mAh ബാറ്ററി എന്നിവ പ്രതീക്ഷിക്കാം.
സാംസങ് ഗാലക്‌സി Z ഫോൾഡ് 7, Z ഫ്ലിപ് 7, ഫ്ലിപ് 7 FE:
സാംസങിന്‍റെ കുറഞ്ഞ വിലയിൽ പുറത്തിറക്കാൻ പോകുന്ന ഫ്ലിപ് ഫോണായ ഗാലക്‌സി Z ഫ്ലിപ് 7 എഫ്‌ഇ ഫോണിനൊപ്പം Z ഫോൾഡ് 7, Z ഫ്ലിപ് 7 ഫോണുകളും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ജൂലൈ 10ന് നടക്കുന്ന അടുത്ത സാംസങ് അൺപാക്ക്ഡ് ഇവന്‍റിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ ലോഞ്ചുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമൊന്നും തന്നെ ഇതുവരെ വന്നിട്ടില്ല.
















