അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടം നടന്ന് 10 ദിവസം തികയുമ്പോഴും എല്ലാവരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മരിച്ച പത്തനംതിട്ട പുല്ലാട് കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ജി നായരുടെ മൃതദേഹം തിരിച്ചറിയാനുള്ള പരിശോധന നീളുന്നു. ശനിയാഴ്‌ച അമ്മ തുളസിയുടെ രക്തസാമ്പിൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്‌ക്ക് കൊണ്ടുപോയി. നേരത്തെ രഞ്‌ജിതയുടെ ഇളയ സഹോദരൻ രതീഷിനെ അഹമ്മദാബാദിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തിയെങ്കിലും സ്ഥിരീകരിക്കാൻ ആയില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ രതീഷും ബന്ധു ഉണ്ണികൃഷ്‌ണനും അഹമ്മദാബാദിൽ തുടരുകയാണ്.
ഇതുവരെ ദുരന്തത്തിൽ മരിച്ച 247 പേരുടെ മൃതദേഹങ്ങളാണ് ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞത്. 232 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ശേഷിക്കുന്ന ഡിഎൻഎ പരിശോധനകൾ കൂടുതൽ സങ്കീർണത നിറഞ്ഞതാണെന്ന് അധികൃതർ പറഞ്ഞു. ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സിവിൽ സൂപ്രണ്ട് രാകേഷ് ജോഷി പറഞ്ഞു. ഈ സാഹചര്യത്തിൽ വിമാനാപകടത്തിൽ മരിച്ച എട്ട് പേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎൻഎ സാമ്പിളുകൾ നൽകാൻ അധികൃതർ ആവശ്യപ്പെട്ടു. ആദ്യത്തെ ഡിഎൻഎ സാമ്പിളിന് പുറമേ മറ്റൊരു ബന്ധുവിന്റെ ഡിഎൻഎ സാമ്പിൾ കൂടി ലഭ്യമാക്കാനാണ് നിർദേശം. രണ്ടാമത്തെ ഡിഎൻഎ പരിശോധനയിലൂടെ കൂടുതൽ പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകുമെന്ന് അധികൃതർ കരുതുന്നു.
















