വാഷിങ്ടൺ: ഇറാന്റെ ആണവനിലയങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ പത്തു ദിവസം മുൻപ് ആക്രമണം തുടങ്ങിയത്. ഇറാന്‍ ആണവശേഷിയുള്ള രാജ്യമാകുന്നത് തടയാനായിരുന്നു ആക്രമണം. എന്നാൽ ഇത് പൂർണമായി വിജയിച്ചില്ല. ആണവ നിലയങ്ങൾക്ക് നാശംവരുത്താനേ ഇസ്രയേലിന് കഴിഞ്ഞുള്ളൂ. ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തിന്റെ ഗതിമാറ്റുന്ന ഇടപെടലാണ് യു.എസ് നടത്തിയിരിക്കുന്നത്.
ഇറാനിലെ ആണവ പദ്ധതികളെ ലക്ഷ്യമിട്ടുള്ള യു.എസ് ആക്രമണത്തിന് സൂചനകളുണ്ടായിരുന്നെങ്കിലും അത് വളരെ നേരത്തെ നടത്തിയാണ് യു.എസ് ഇറാനെ ഞെട്ടിച്ചിരിക്കുന്നത്. ഫൊര്‍ദൊ പോലെ മലനിരകള്‍ക്കുള്ളില്‍ ഭൂഗര്‍ഭ കേന്ദ്രമാണ് അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്നത്. ഈ ആണവകേന്ദ്രത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി ഇറാനും സമ്മതിച്ചിട്ടുണ്ട്.
യു.എസിന്റെ ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളാണ് ഇറാനില്‍ ആക്രമണം നടത്തിയതെന്നാണ് വിവരങ്ങള്‍. ലോകത്തിന്റെ ഏത് കോണിലും ആക്രമണം നടത്താന്‍ യു.എസിന് സാധിക്കുന്ന സ്ട്രാറ്റജിക് ബോംബര്‍ വിമാനമാണ് ബി2. നോര്‍ത്രോപ് ഗ്രമ്മന്‍ എന്ന യു.എസ് ആയുധ നിര്‍മാതാക്കളാണ് ഈ സവിശേഷമായ യുദ്ധവിമാനം വികസിപ്പിച്ചത്. ഹെവി ബോംബര്‍ എന്ന വിഭാഗത്തില്‍ പെടുന്ന ഈ യുദ്ധവിമാനത്തിന് 18,000 കിലോവരെ ഭാരമുള്ള ബോംബുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. ഒറ്റപ്പറക്കലില്‍ 18500 കിലോമീറ്റര്‍ ദൂരം വരെ ഇവയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കും. യുഎസ് വ്യോമസേന മാത്രമാണ് ഈ വിമാനം പറത്താറുള്ളത്. നാവികസേന ഇതുപയോഗിക്കാറില്ല. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 18500 കിലോമീറ്ററോളം ഈ വിമാനം പറക്കും. മണിക്കൂറുകൾക്കുള്ളിൽ ലോകത്തെവിടെയും എത്താൻ ഇതിനു സാധിക്കും.
ഒരു പക്ഷിയെപോലെ തോന്നുന്ന രൂപഘടനയുള്ള ഈ വിമാനത്തിന്റെ സ്റ്റെൽത്ത് ശേഷിയും കെങ്കേമമാണ്. വിമാനത്തെ കണ്ടെത്താൻ ശത്രു റഡാറുകൾക്ക് കഴിയില്ല. 1988ൽ വിമാനത്തിന്റെ നിർമാണത്തിനു തുടക്കമായി. യുഎസ് എയർഫോഴ്സിന്റെ പക്കൽ മാത്രമാണ് ഈ വിമാനം ഉള്ളത്. 19 വിമാനങ്ങൾ ഉണ്ടെന്നാണ് വിവരം.1988-ല്‍ നിര്‍മിക്കപ്പെട്ട ബി2 ബോംബര്‍ അതിന്റെ രൂപഘടന കൊണ്ടും സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യകൊണ്ടും ലോകമെങ്ങും കേള്‍വികേട്ടതാണ്.