നമ്മുടെ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന് സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. ഭൂരിഭാഗം ആളുകളിലും സാധാരണയായി നിരുപദ്രവകാരികളായ ചില പദാർഥങ്ങളെ ആക്രമണകാരികളായി കണ്ട് അവയ്ക്കെതിരെ ശരീരം അമിതമായി പ്രതികരിക്കുന്ന അവസ്ഥയാണ് അലർജി.
അലർജി മൂലം നേസൽ പാസേജിൽ വീക്കമുണ്ടാകും. ഇത് തുമ്മൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്, കണ്ണുകളിലെ ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ മൂക്കിലെ അലർജിയുടെ കാര്യത്തിൽ പ്രായോഗികമായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.
അലർജിയുടെ കാരണം പൂമ്പൊടിയോ മലിനീകരണമോ ആണെങ്കിൽ ഈ വസ്തുക്കൾ വീടിനുള്ളിലേക്ക് എത്തുന്നത് തടയാൻ കുളിക്കുന്നതും ഉടൻ വസ്ത്രം മാറുന്നതും സഹായിക്കും. പൂമ്പൊടിയും മറ്റ് അലർജനുകളും ചർമത്തിലും മുടിയിലും വസ്ത്രങ്ങളിലും പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. പൂമ്പൊടി കൂടുതലുള്ള സമയങ്ങളിലും ഉയർന്ന മലിനീകരണമുള്ള സ്ഥലങ്ങളിലും ഈ ശീലം കാര്യമായ മാറ്റം വരുത്താൻ സഹായിക്കുമെന്നാണ് ഡോക്ടർ പറയുന്നത്.
ധാരാളം വെള്ളം കുടിക്കുന്നത് നേസൽ പാസേജ് ഈർപ്പമുള്ളതാക്കി നിലനിർത്തുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യുന്നു. ജലാംശം നിലനിർത്തുന്നത് മ്യൂക്കസ് ഉത്പാദനത്തെ സഹായിക്കും. ഇത് ശ്വാസനാളത്തിൽ നിന്ന് അലർജി ഘടകങ്ങളെ നീക്കം ചെയ്യുന്നതിന് സഹായകമാകും.
സലൈൻ സ്പ്രേ ഉപയോഗിക്കുന്നത് അലർജനുകളെ പുറന്തള്ളാനും മൂക്കടപ്പ് കുറയ്ക്കാനും സഹായിക്കുന്നു. പൊടി, കഫം എന്നിവയെ ഈ രീതിയുടെ സഹായത്താൽ നീക്കം ചെയ്യാനാകും. കൂടാതെ, സലൈൻ സ്പ്രേയുടെ ഉപയോഗം മൂക്കടപ്പിൽ നിന്നും തുമ്മലിൽ നിന്നും ഉടനടി ആശ്വാസം നൽകുന്നു. പതിവായി ഇത് ഉപയോഗിക്കുന്നത് ശ്വാസോച്ഛ്വാസം മെച്ചപ്പെടുത്തുകയും അലർജി ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
അലർജൻസിനെ ഒഴിവാക്കാൻ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. വീടിനുള്ളിലെ വായുവിനെ മെച്ചപ്പെടുത്താൻ എയർ പ്യൂരിഫയർ സഹായിക്കുന്നു. കാർപ്പെറ്റുകളും ഫർണിച്ചറുകളും ഇടയ്ക്കിടെ വാക്വം ചെയ്യുക.
















