ഉച്ചയ്ക്ക് ഊണിന് നല്ല നാടൻ രീതിയിൽ ബീഫ് വരട്ടിയാലോ? നല്ല കുരുമുളകിട്ട് വരട്ടിയെടുത്ത രുചികരമായ ബീഫ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബീഫ് – 1 കിലോ
- മഞ്ഞൾ പൊടി – 1 സ്പൂൺ
- ഇഞ്ചി ചതച്ചത് – 1 സ്പൂൺ
- വെളുത്തുള്ളി ചതച്ചത് – 1 സ്പൂൺ
- നാരങ്ങനീര് – 1 സ്പൂൺ
- കല്ലുപ്പ് – പാകത്തിന്
- ഉണക്കമുളക് – 10 എണ്ണം
- പിരിയൻ മുളക് – 5 എണ്ണം
- ചുവന്നുള്ളി – 150 ഗ്രാം
- കുരുമുളക് പൊടി – 2 സ്പൂൺ
- ഉലുവ പൊടി – അര ടീസ്പൂൺ
- ഗരം മസാലപൊടി – 1 ടീസ്പൂൺ
- പെരുംജീരകം ചതച്ചത് – 1 ടീസ്പൂൺ
- പഞ്ചസാര – 2 നുള്ള്
- കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, നാരങ്ങ നിര്, 2 ടീസ്പൂൺ വെളിച്ചണ്ണ ഇവ പുരട്ടി തിരുമ്മി എടുത്ത്, വെളളം ചേർക്കാതെ കുക്കറിൽ വേവിച്ചെടുക്കുക. കഴിയുന്നതും വിസിൽ അധികം പോകാതെ വേവിച്ചെടുക്കുക. വിസിൽ പോകുന്നതനുസരിച്ച് ടേസ്റ്റ് കുറയും. ഉരുളിയിൽ പാകത്തിന് വെളിച്ചണ്ണ ഒഴിച്ച് മുളകുകളും ഉളളിയും ചെറിയ ഉരലിൽ ചതച്ചെടുത്ത് വഴറ്റുക. ശേഷം കറിവേപ്പില ചേർക്കുക. അവ നന്നായി മൊരിഞ്ഞ് വന്നാൽ ബീഫ് ചേർത്ത് ഇളക്കുക. കുരുമുളക് പൊടി, ജീരകം ചതച്ചത്, ഉലുവ പൊടി ഇവ ചേർത്ത് നന്നായി വരട്ടുക. നന്നായി വരട്ടിയതിന് ശേഷം ഗരം മസാല പൊടി 2 നുള്ള് പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. ശേഷം തീ ഓഫ് ചെയ്യുക.