Kerala

യോഗാ ദിനത്തില്‍ മന്നത്ത് പത്മനാഭൻ്റെ ചിത്രത്തിനൊപ്പം ഭാരതാംബയുടെ ചിത്രം; വിവാദം | Bharathamba

തൃശ്ശൂര്‍: അന്താരാഷ്ട്ര യോഗ ദിനത്തില്‍ മന്നത്ത് പത്മനാഭൻ്റെ ചിത്രത്തിനൊപ്പം കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം. മാള കുഴൂരില്‍ 2143-ാം നമ്പര്‍ തിരുമുക്കുളം കരയോഗത്തില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരകനെയും കാവിപുതച്ച ഭാരതാംബയെയും വച്ച് സംഘടിപ്പിച്ച പരിപാടി കരയോഗം അംഗങ്ങള്‍ തടയുകയും ആര്‍എസ്എസ് നേതാവിനെ ഇറക്കിവിടുകയുമായിരുന്നു.

ദേശീയ പതാകയേന്തിയ ഭാരാതാംബയുടെ ചിത്രമാണ് വെയ്ക്കണ്ടതെന്ന് ആവശ്യപ്പെട്ടാണ് തടഞ്ഞത്. കരയോഗത്തെ ആര്‍എസ്എസിന്റെ ബിജെപിയുടെയും വര്‍ഗ്ഗിയ രാഷ്ട്രിയം പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കരുത് എന്നും കരയോഗ കമ്മറ്റി പിരിച്ചു വിടണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് തിരുമുക്കുളം കരയോഗാംഗങ്ങള്‍ ബോര്‍ഡ് സ്ഥാപിച്ചു.

ആര്‍എസ്എസിനും ബിജെപിക്കും തിരുമുക്കുള്ള എന്‍എസ്എസിനെ തീറെഴുതിക്കൊടുത്തിട്ടില്ല. ആര്‍എസ്എസിന്റേയും ബിജെപിയുടേയും രാഷ്ട്രീയ കുടിലത കാണിക്കാനുള്ളതല്ല നായര്‍ സമുദായ സംഘടന. ഇരുവര്‍ക്കും വിടുപണി ചെയ്യുന്ന കരയോഗം ഭരണനേതൃത്വം രാജിവെക്കണമെന്നും ബോര്‍ഡില്‍ പറയുന്നു.