നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു പച്ചക്കറിയാണ് മുള്ളങ്കി അഥവാ റാഡിഷ്. നാരുകളുടെ സമ്പന്ന ഉറവിടമായതിനാൽ ദഹനം മെച്ചപ്പെടുത്താനും ദഹന സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും ബെസ്റ്റാണ് മുള്ളങ്കി. ശരീരഭാരം നിയന്ത്രിക്കാനും കരളിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും പിത്തരസം ഉൽപാദനം പ്രോത്സാഹിപ്പിക്കാനും ഇത് ഫലപ്രദമാണ്. കാത്സ്യം, ഫോസ്‌ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളെ ശക്തമായി നിലനിർത്താനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കും.
നാരുകളാൽ സമ്പന്നമാണ് മുള്ളങ്കി. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കും. കുടലിലെ മാലിന്യങ്ങൾ നീക്കി ദഹനപ്രക്രിയ സുഗമമാക്കാനും മുള്ളങ്കി ഗുണം ചെയ്യും. മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ തടയാനും മുള്ളങ്കി സഹായിക്കുമെന്ന് എൻസിബിഐ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
കരളിനെ വിഷവിമുക്തമാക്കാനുള്ള കഴിവ് മുള്ളങ്കിയിൽ അടങ്ങിയിട്ടുണ്ട്. ഇത് കരളിന്‍റെ ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായിക്കും. സൾഫർ അധിഷ്‌ഠിത സംയുക്തങ്ങൾ ഇതിൽ ധാരാളമുണ്ട്. കരളിലെ വിഷവസ്‌തുക്കളെ പുറന്തള്ളാൻ ഇത് സഹായിക്കും.
വിറ്റാമിൻ സി ഉയർന്ന അളവിൽ മുള്ളങ്കിയിൽ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഉത്തമമാണ് ഇത്. ശക്തമായ ഈ ആന്‍റി ഓക്‌സിഡന്‍റ് ശരീരത്തിന് ദോഷകരമായ ഫ്രീ റാഡിക്കലുകളെയും അണുബാധകളെയും ചെറുക്കാൻ സഹായിക്കും. അണുബാധ തടയാനും ജലദോഷം, പനി തുടങ്ങിയ അവസ്ഥകളിൽ വേഗത്തിൽ സുഖപ്പെടുത്താനും മുള്ളങ്കി ഗുണം ചെയ്യും.
കാൻസർ സാധ്യത കുറയ്ക്കാനുള്ള കഴിവ് മുള്ളങ്കിയ്ക്കുണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. ക്രൂസിഫറസ് ഇനത്തിൽ പെട്ട പച്ചക്കറിയായതിനാൽ ഇത് ജലവുമായി സംയോജിക്കുമ്പോൾ ഐസോത്തിയോ സയനേറ്റുകൾ ഉണ്ടാകും. ഇത് കാൻസറിലേക്ക് നയിക്കുന്ന പദാർത്ഥങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും. കാൻസർ കോശങ്ങളുടെ വളർച്ച തടയാനും ഫലപ്രദമാണിത്.
പൊട്ടാസ്യത്തിന്‍റെ മികച്ചൊരു സ്രോതസാണ് മുള്ളങ്കി. സോഡിയത്തിന്‍റെ അളവ് സന്തുലിതമാക്കാൻ ഇത് സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും. രക്തക്കുഴലുകൾക്ക് വിശ്രമം നൽകാനും ഇത് സഹായിക്കും. ഇത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കും.
ആന്തോസയാനിനുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ മുള്ളങ്കിയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയാൻ സഹായിക്കും. വീക്കം കുറയ്ക്കാനും ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾക്കെതിരെ പോരാടാനും മുള്ളങ്കി മികച്ചതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് മുള്ളങ്കിയിലുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ആന്‍റി ഓക്‌സിഡന്‍റുകൾ എൻസൈമുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുകയും പ്രമേഹവുമായി ബന്ധപ്പെട്ട ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. ഗ്ലൂക്കോസ് ആഗിരണം മെച്ചപ്പെടുത്താനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കാർബോഹൈഡ്രേറ്റ് ദഹിപ്പിക്കുന്ന എൻസൈമുകൾ തടയുന്നത് വഴി ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ വർധനവ് കുറയ്ക്കും.
ഉയർന്ന തോതിൽ ജലാംശം അടങ്ങിയ ഒരു പച്ചക്കറിയാണ് മുള്ളങ്കി. പതിവായി ഇത് കഴിക്കുന്നത് ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ഇതിൽ ധാരാളമുള്ള വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കും. ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ ഇത് സഹായിക്കും. ആന്‍റി ഓക്‌സിഡന്‍റ്‌സ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ വരണ്ട ചർമ്മം, മുഖക്കുരു, തിണർപ്പ് തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങളെ ചെറുക്കാൻ ഇത് ഫലം ചെയ്യും.