ലോകത്തിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ടെസ്‌ല. അതിവേഗമാണ് കമ്പനി ഇവി വിപണി ടെസ്ല പിടിച്ചടക്കിയത്. കന്വനി ഉടമ ഇലോണ്‍ മസ്‌കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും തമ്മലിലുള്ള ചങ്ങാത്തവും അടുത്തിടെയുള്ള വേര്‍പിരിയലുമെല്ലാം ടെസ്‌ലയെയും നല്ല രീതിയില്‍ ബാധിച്ചിരുന്നു. ചൈനയടക്കമുള്ള വിപണികളില്‍ വില്‍പ്പന ഇടിയുന്ന സാഹചര്യത്തില്‍ ടെസ്‌ല വളര്‍ച്ചക്കായി മറ്റ് പോംവഴികള്‍ തേടുകയായിരുന്നു. അതില്‍ ഒന്നാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയിലേക്കുള്ള പ്രവേശനം ലോകത്തിലെ ഏറ്റവും മികച്ച കാര്‍ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ടെസ്ല യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചാണ് ഇവികള്‍ നിര്‍മ്മിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോ വിപണിയായ ഇന്ത്യയില്‍ തങ്ങളുടെ വാഹനങ്ങള്‍ വില്‍പ്പനക്കെത്തിക്കാന്‍ പോകുന്ന വിവരം കമ്പനി നേരത്തെ സ്ഥിരീകരിച്ചതാണ്. ഇന്ത്യയില്‍ കാര്‍ വില്‍ക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ടെസ്‌ല താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ചില മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഒരു കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് നിശ്ചിത എണ്ണം വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടെസ്ല തങ്ങളുടെ കാര്‍ ഇന്ത്യയിലെത്തിക്കാന്‍ പോകുന്നത്. ഡല്‍ഹിയിലും മുംബൈയിലുമാണ് കമ്പനി ഷോറൂമുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഈ ഷോറൂമിലേക്ക് ജോലിക്കാരെ തേടി ടെസ്‌ല പരസ്യം ചെയ്തതില്‍ നിന്ന് അക്കാര്യം നമുക്ക് വ്യക്തമായതാണ്. ജൂലൈയില്‍ മുംബൈയില്‍ ടെസ്‌ല തങ്ങളുടെ ആദ്യ ഷോറൂം തുറക്കാന്‍ പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ക്രമേണ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. മുംബൈയ്ക്ക് ശേഷം ഡല്‍ഹിയിലാണ് രണ്ടാമത്തെ ഷോറൂം തുറക്കാന്‍ പോകുന്നത്. ഇതിനുപുറമെ, കമ്പനി ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് വില്‍ക്കുന്ന ആദ്യ കാറുകള്‍ ചൈനീസ് നിര്‍മ്മിത ഇവികള്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വാഹനങ്ങള്‍ക്കുള്ള സൂപ്പര്‍ചാര്‍ജര്‍ പാര്‍ട്സ്, കാര്‍ പാര്‍ട്സ്, ആക്സസറികള്‍ തുടങ്ങിയവ ചൈന, യുഎസ്, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനും പദ്ധതിയുണ്ട്. കമ്പനി തങ്ങളുടെ മോഡല്‍ Y കാര്‍ മുംബൈയിലേക്ക് ഇതിനകം കൊണ്ടുവന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ കൂടിയാണ് മോഡല്‍ Y.
















