തിരുവനന്തപുരം മണ്ണന്തലയിൽ സഹോദരൻ സഹോദരിയെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷഹീനയുടെ മറ്റു ബന്ധങ്ങൾ ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. സഹോദരിയുടെ സൗഹൃദങ്ങൾ തന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്ന് പ്രതി ഷംഷാദ് പോലീസിനോട് പറഞ്ഞു.
സഹോദരിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവങ്ങൾ യാതൊരു കുറ്റബോധവും ഇല്ലാതെയാണ് പ്രതി വിവരിച്ചത്. മകളെ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ ശ്രമം തടഞ്ഞതും ഷംഷാദ് ആയിരുന്നു. കഴിഞ്ഞ ആറുമാസമായി ഷഹീന വിവാഹബന്ധം ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു. സുഹൃത്തുക്കളെ നിരന്തരം വീഡിയോ കോൾ ചെയ്തിരുന്ന ഷഹീന ദാമ്പത്യജീവിതം സ്വയം നശിപ്പിച്ചതാണെന്നായിരുന്നു സഹോദരൻ ഷംഷാദ് വിശ്വസിച്ചിരുന്നത്. ഇതേ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
രണ്ടാംപ്രതി ചെമ്പഴന്തി സ്വദേശി വിശാഖിന്റെ അറിവോടെയാണ് കൊലപാതകം നടന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പോത്തൻകോട് ചാത്തൻപാട് കൊച്ചുവീട്ടിൽ ഷഹീനയാണ് സഹോദരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മണ്ണന്തലയിലെ ഒരു ഹോംസ്റ്റേ അപ്പാർട്‌മെന്റിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു ഇവർ. സംഭവ സ്ഥലത്ത് നിന്ന് തന്നെ മൂത്ത സഹോദരൻ ഷംഷാദിനെയും സുഹൃത്ത് വൈശാഖിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.
STORY HIGHLIGHT: mannanthala sister murder case