താരസംഘടനയായ അമ്മയില്‍ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ ഉറച്ച് പറഞ്ഞ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അഡ്‌ഹോക് കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ബാബുരാജിനെതിരെ പീഡന ആരോപണങ്ങളും കേസുകളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഒരു കൂട്ടം അംഗങ്ങള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അമ്മയുടെ പുതിയ ഭാരവാഹികള്‍ ആരാണെന്നതിനെക്കുറിച്ച് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചര്‍ച്ചകള്‍ നടന്നത്. 500ലേറെ അംഗങ്ങളുള്ള സംഘടനയിലെ പകുതി അംഗങ്ങള്‍ പോലും ഇന്നത്തെ യോഗത്തില്‍ എത്തിയിരുന്നില്ല. മുഴുവന്‍ അംഗങ്ങളുടേയും പിന്തുണ ഇല്ലാതെ താന്‍ പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കില്ലെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ചുനിന്നു. സീനിയര്‍ അംഗങ്ങള്‍ ഉള്‍പ്പെടെ മോഹന്‍ലാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങിയില്ല. ഒരാളുടെയെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തുണ്ടാകില്ല എന്ന് മോഹന്‍ലാല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
താര സംഘടന പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടമാണിതെന്നും മോഹന്‍ലാല്‍ തുടരണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അഡ്‌ഹോക് കമ്മിറ്റിയുടെ കാലാവധി അവസാനിക്കാന്‍ ഇനി മൂന്ന് മാസമാണുള്ളത്. തിരഞ്ഞെടുപ്പില്ലാതെ തന്നെ ഭാരവാഹികളെ തീരുമാനിക്കാനായിരുന്നു കമ്മിറ്റി ആദ്യം നീക്കം നടന്നിരുന്നത്. ഇന്നത്തെ ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടെന്നും പിന്നീട് നടത്തുമെന്നുമാണ് അഡ്‌ഹോക് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
STORY HIGHLIGHT : election in AMMA soon after mohanlal clarifys his stand