അമേരിക്ക നടത്തിയ ആക്രമണത്തിൽ പ്രകോപിതരായ ഇറാനെ സമാധാന ചർച്ചയ്ക്ക് വീണ്ടും ക്ഷണിച്ചിരിക്കുകയാണ് അമേരിക്ക. സമാധാനം സ്ഥാപിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇറാന് മുമ്പിൽ വാതിലുകൾ അടച്ചിട്ടില്ല. ചർച്ചകൾക്ക് അമേരിക്ക ഇപ്പോഴും തയ്യാറാണെന്നാണ് അമേരിക്കയുടെ നിലപാട്. യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നടപടി രഹസ്യസ്വഭാവത്തോട് കൂടിയാണ് നടത്തിയത്.വളരെ കുറച്ച് പേർക്കുമാത്രമാണ് ഈ നടപടിയെപ്പറ്റി അറിവുള്ളായിരുന്നു. ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. സൈനികരെയോ സാധാരണക്കാരെയോ ലക്ഷ്യം വയ്ക്കാതെ തന്നെ ഈ ഓപ്പറേഷൻ ഇറാന്റെ ആണവ പദ്ധതിയെ തകർത്തു”.- പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.
നേരത്തെ, ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾ പൂർണ വിജയമെന്ന് പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. ഫോർദോ, നതാൻസ്, ഇസ്ഹാൻ തുടങ്ങി ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് തകർത്തത്. വരാനിരിക്കുന്നത് ഇതിലും വലുതാണെന്നും മറ്റൊരു രാജ്യത്തിനും സാധിക്കാത്ത കാര്യമാണ് യുഎസ് ചെയ്തതെന്നും ആക്രമണത്തിനു ശേഷം ട്രംപ് പ്രതികരിച്ചു.
യുഎസിന്റെ അത്യാധുനിക ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകളായിരുന്നു ആക്രമണത്തിൽ ട്രംപിന്റെ വജ്രായുധം. വ്യോമ പ്രതിരോധങ്ങളെ? മറികടന്ന്, കഠിനമായ ബങ്കറുകൾ തകർന്ന് അനായസം മടങ്ങാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് ബി-2 സ്പിരിറ്റ് യുദ്ധവിമാനങ്ങൾ.
അതേസമയം, അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകിയതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിനെതിരെയുള്ള നടപടികൾ തുടരുമെന്നും റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി.