നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.. വോട്ടെണ്ണലിനു വേണ്ട ഒരുക്കങ്ങൾ ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തിയായി.. വിജയപ്രതീക്ഷയിലാണ് മുന്നണികൾ.പന്ത്രണ്ടായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയുള്ള വിജയം നിലമ്പൂരിൽ ഉണ്ടാകുമെന്ന് യുഡിഎഫ് കണക്കു കൂട്ടുമ്പോൾ ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്ന വിലയിരുത്തലിൽ ആണ് ഇടതു മുന്നണി. നില മെച്ചപ്പെടുത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് എൻഡിഎക്കുള്ളത്. കരുത്തു കാട്ടുമെന്ന് പി.വി അൻവറും പറയുന്നു.
അതേസമയംനിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിനുള്ള എല്ലാ സജീകരണങ്ങളും പൂർത്തിയായതായും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി.ആർ. വിനോദ്, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്, വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി എന്നിവർ നിലമ്പൂർ പൊതുമരാമത്ത് വിശ്രമ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വോട്ടെണ്ണൽ നാളെ (ജൂൺ 23) രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. 7.30 ന് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോംഗ് റൂം തുറക്കും. എട്ട് മണിക്ക് ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. 8.10 ന് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണി തുടങ്ങും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് നാല് ടേബിളുകളും, ഇ.ടി.പി.ബി.എസ് പ്രീ കൗണ്ടിംഗിനായി ഒരു ടേബിളും ക്രമീകരിച്ചിട്ടുണ്ട്. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായി എണ്ണും. 14 വീതം ബൂത്തുകളിലെ വോട്ടുകളാണ് ഓരോ റൗണ്ടിലും എണ്ണുക. എല്ലാ റൗണ്ടുകളിലും വോട്ട് എണ്ണി കഴിഞ്ഞതിന് ശേഷം നറുക്കിട്ടെടുത്ത അഞ്ചു പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ പ്രത്യേകം സജ്ജീകരിച്ച വിവിപാറ്റ് കൗണ്ടിംഗ് ബൂത്തിൽ ഇലക്ഷൻ കമ്മീഷൻ നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തും.
25 മൈക്രോ ഒബ്സർവർമാർ, 24 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 30 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, ഏഴു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിങ്ങനെ 86 ഉദ്യോഗസ്ഥരെ വോട്ടെണ്ണുന്നതിനായി നിയോഗിച്ചു. ഉദ്യോഗസ്ഥരുടെ മൂന്നാം ഘട്ട റാൻഡമൈസേഷൻ നാളെ പുലർച്ചെ 5.30 ന് നടക്കും.
ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻ കൺട്രോൾ റൂം, മീഡിയ റൂം എന്നിവയും കൗണ്ടിംഗ് സെൻററിൽ പ്രവർത്തിക്കും.
വോട്ടെണ്ണൽ നടപടികൾ പൂർണ്ണമായി സിസി ടി വി നിരീക്ഷണത്തിൽ ആയിരിക്കും. വോട്ടെണ്ണൽ കേന്ദ്രത്തിന് കേന്ദ്രസേനയുടെയും പോലീസിന്റെയും ത്രിതല സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 900 പൊലീസുകാരെ സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചു.
ഇലക്ഷൻ കമ്മീഷൻ നിരീക്ഷകരും വരണാധികാരിയും വോട്ടെണ്ണൽ നടപടികൾക്ക് മേൽനോട്ടം വഹിക്കും. വോട്ടെണ്ണൽ പ്രക്രിയ നിരീക്ഷണത്തിന് സ്ഥാനാർത്ഥികൾക്കും, ഏജന്റുമാർക്കും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശ പ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.