ഇന്നലെ ആണവകേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കാനാണ് നീക്കമെങ്കില്‍ ഇറാന്‍ കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്. ആണവകരാര്‍ ഒപ്പുവയ്ക്കാന്‍ ഇറാന് 60 ദിവസം സമയം അനുവദിച്ചിരുന്നുവെന്നും ഇറാന്റെ ആണവപ്ലാന്റുകള്‍ നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു. ഇറാനിലെ ഭരണമാറ്റം ആയിരുന്നില്ല ആക്രമണത്തിലൂടെ തങ്ങള്‍ ലക്ഷ്യം വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ധരാത്രി നടത്തിയ അപ്രതീക്ഷിത ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്റെ ആണവ നീക്കങ്ങളെ തടയുക മാത്രമായിരുന്നു ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇറാനിയന്‍ സൈനികര്‍ക്കോ പൗരന്മാര്‍ക്കോ എതിരെയുള്ള ആക്രമണം അമേരിക്ക പദ്ധതിയിട്ടിരുന്നില്ല. ആണവ കേന്ദ്രങ്ങള്‍ കൃത്യമായി തന്നെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവനിലയങ്ങള്‍ നശിപ്പിക്കാന്‍ 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും രണ്ട് ബി ടു ബോംബര്‍ വിമാനങ്ങളുമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ ആണവചര്‍ച്ചകള്‍ക്ക് തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം തുടങ്ങി പത്താം നാള്‍ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്.എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല. തങ്ങളുടെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണം ഇറാന്‍ ആണവോര്‍ജ സമിതി സ്ഥിരീകരിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നുമാണ് ഇറാന്‍ ആണവോര്‍ജ സമിതി വ്യക്തമാക്കിയിരിക്കുന്നത്.
STORY HIGHLIGHT : Pentagon chief Pete Hegseth on Operation Midnight Hammer