ഇന്ന് എല്ലാ മേഖലകളിലും ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ട്. ഇത് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തിയേക്കാം എന്ന ഭയം നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആർട്ടിഫിഷൽ ഇന്റലിജൻസ് കാര്യക്ഷമമായി പ്രവർത്തിക്കാൻ തുടങ്ങിയതോടെ ആഗോള ടെക് ഭീമന്മാർ വൻതോതിലുള്ള പിരിച്ചുവിടലിനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. ടെക്, മീഡിയ, ഫിനാൻസ്, നിർമാണം, റീട്ടെയിൽ, ഉൗർജം എന്നിവയിലെല്ലാം കഴിഞ്ഞ രണ്ടു വർഷമായി ഗണ്യമായ തൊഴിൽ വെട്ടിക്കുറയ്ക്കലുണ്ടായിരുന്നു. ഈ വർഷവും നിരവധി കമ്പനികൾ കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്.മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ, ഇന്റൽ തുടങ്ങിയ ടെക് കന്പനികളാണ് കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചത്.
അതേസമയം പിരിച്ചുവിടൽ ടെക് കന്പനികളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ യുഎസ് പൊതുമേഖല കന്പനികൾ തങ്ങളുടെ വൈറ്റ് കോളർ ജീവനക്കാരുടെ എണ്ണം 3.5 ശതമാനം കുറച്ചെന്നാണ് റിപ്പോർട്ട് ചെയ്തത്.
മൈക്രോസോഫ്റ്റ് അടുത്തിടെ മൂന്നാം റൗണ്ട് പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു. പ്രധാനമായും വിൽപ്പന വിഭാഗത്തെ ലക്ഷ്യം വച്ചുള്ള ആയിരക്കണക്കിന് ജോലികൾ ഇല്ലാതാക്കാൻ തയാറെടുക്കുകയാണ് മൈക്രോസോഫ്റ്റ്. വൻതോതിലുള്ള എഐ നിക്ഷേപങ്ങൾക്കിടയിൽ കന്പനി പുനഃസംഘടന തുടരുന്നതിനാൽ ജൂലൈ ആദ്യം തൊഴിൽ വെട്ടിക്കുറവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2025ൽ ടെക്നോളജി മേഖലയിലെ പിരിച്ചുവിടൽ രംഗത്ത് മൈക്രോസോഫ്റ്റ് ഒറ്റയ്ക്കല്ല. ജൂലൈ മുതൽ ഇന്റൽ ഫൗണ്ടറി ഡിവിഷനിലെ 15% മുതൽ 20% വരെ തൊഴിലാളികളെ പിരിച്ചുവിടാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇന്റൽ പറയുന്നു. കഴിഞ്ഞ മാസം ക്രൗഡ്സ്ട്രൈക്ക് അഞ്ചു ശതമാനം തൊഴിലാളികളുടെ പിരിച്ചുവിടൽ പ്രഖ്യാപിച്ചു. വരുംവർഷങ്ങളിൽ തങ്ങളുടെ തൊഴിലാളികളെ ചുരുക്കുമെന്ന് ആമസോണ്‍ സിഇഒ ആൻഡി ജാസി അടുത്തിടെ മുന്നറിയിപ്പ് നൽകി.
ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള കാരണങ്ങൾ ഓരോ കമ്പനിയും പറയുന്നത് വ്യത്യസ്തമാണ്. സാങ്കേതിക മാറ്റത്തിനിടയിലും ചെലവു ചുരുക്കൽ നടപടികളും പിരിച്ചുവിടലിനു കാരണമാകുന്നുണ്ട് ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ജനുവരിയിൽ മൈക്രോസോഫ്റ്റ് ഒരു നിശ്ചിത എണ്ണം ജോലികൾ വെട്ടിക്കുറച്ചിരുന്നു. ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പോലുള്ള ആനുകൂല്യങ്ങൾ ഉടനടി നിർത്തലാക്കുമെന്നും അറിയിച്ചതായി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ കന്പനി ഗെയിമിംഗ്, സെയിൽസ് ഉൾപ്പെടെയുള്ള ഡിവിഷനുകളിലെ ചില ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ഇന്റൽ ഫൗണ്ടറിയിലെ തങ്ങളുടെ ജീവനക്കാരിൽ 15% മുതൽ 20% വരെ പേരെ ജൂലൈയിൽ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ഇത് സെമികണ്ടക്ടർ നിർമാതാക്കളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറവുകളിൽ ഒന്നായിരിക്കും. ലോകമെമ്പാടുമുള്ള 10,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കുമെന്നാണ് സൂചന. ഇത് കമ്പനിയുടെ നിർമാണ വിഭാഗത്തിന്റെ ഏകദേശം അഞ്ചിലൊന്ന് വരും. പ്രകടന അവലോകനങ്ങളുടെയും ആഗോള നിർമാണ ശൃംഖലയിലുടനീളമുള്ള തന്ത്രപരമായ നിക്ഷേപ മുൻഗണനകളുടെയും അടിസ്ഥാനത്തിലാണ് പിരിച്ചുവിടലിനായുള്ള ജീവനക്കാരെ തെരഞ്ഞെടുക്കുക.
സൈബർ സുരക്ഷാ കന്പനിയായ ക്രൗഡ്സ്ട്രൈക്ക്, ‘എഐ കാര്യക്ഷമത’ കാരണം തങ്ങളുടെ ജീവനക്കാരുടെ അഞ്ചു ശതമാനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ 500 പേർ പിരിച്ചുവിടലിന് ഇരയാകുമെന്ന് ക്രൗഡ്സ്ട്രൈക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ജോർജ്് കുർട്സ് പറഞ്ഞു.
ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോൺ വൈറ്റ് കോളർ ജീവനക്കാരോട് അടുത്ത കുറച്ച് വർഷത്തിനുള്ളിൽ അവരുടെ ജോലികൾ കൃത്രിമബുദ്ധി ഏറ്റെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. ജാക്ക് ഡോർസിയുടെ ഫിൻടെക് കന്പനിയായ ബ്ലോക്ക്, ഏകദേശം 1,000 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് വിദേശ മാധ്യമങ്ങളായ ടെക് ക്രഞ്ചും ദ ഗാർഡിയനും റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് കന്പനി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്.
ജീവനക്കാരുടെ പ്രകടനം അനുസരിച്ചാകും കമ്പനിയിലെ പിരിച്ചുവിടലെന്ന് മെറ്റ സിഇഒ മാർക് സുക്കർബർഗും ജനുവരിയിൽ ജീവനക്കാർക്ക് മുന്നറിപ്പ് നൽകിയിട്ടുണ്ട്. ഫെബ്രുവരിയിൽ പിരിച്ചുവിടലുകൾ ആരംഭിച്ചതായി രേഖകൾ കാണിക്കുന്നു. ഫേസ്ബുക്ക്, ഹൊറൈസണ്‍ വിആർ പ്ലാറ്റ്ഫോം, ലോജിസ്റ്റിക്സ് എന്നിവ കൈകാര്യം ചെയ്യുന്ന ടീമുകളിലാണ് ഗണ്യമായ കുറവുകളുണ്ടായത്. ഏപ്രിലിൽ, മെറ്റാ അതിന്റെ റിയാലിറ്റി ലാബ്സ് ഡിവിഷനിൽ കൂടുതൽ പിരിച്ചുവിടലുകൾ നടപ്പിലാക്കി. കൃത്യമായ തൊഴിൽ വെട്ടിക്കുറവുകളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. മുമ്പ്, 2022 മുതൽ കന്പനി 21,000-ത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.
മേയ് 21 ന്, വാൾമാർട്ട് തങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഏകദേശം 1,500 ജോലികൾ കുറയ്ക്കാൻ പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആഗോള സാങ്കേതികവിദ്യ, പ്രവർത്തനങ്ങൾ, യുഎസ് ഇ-കൊമേഴ്സ് പൂർത്തീകരണം, കമ്പനിയുടെ പരസ്യ വിഭാഗമായ വാൾമാർട്ട് കണക്റ്റ് എന്നിവയിലെ ടീമുകളെ പിരിച്ചുവിടലുകൾ ബാധിക്കും. ഏകദേശം 1.6 മില്യണ്‍ ജീവനക്കാരുള്ള വാൾമാർട്ട്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ സ്വകാര്യ തൊഴിലുടമയാണ്.