നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ആദ്യഫല സൂചന രാവിലെ എട്ടേകാലോടെ ലഭ്യമാകും. 19 റൗണ്ടായാണ് വോട്ടെണ്ണുക. പോസ്റ്റൽ വോട്ടുകൾക്ക് ശേഷം ആദ്യം എണ്ണുന്നത് എല്ലാ മുന്നണികളും ഒരുപോലെ പ്രതീക്ഷ വയ്ക്കുന്ന വഴിക്കടവ് പഞ്ചായത്തിലെ വേട്ടുകൾ.
വഴിക്കടവിലെ വോട്ടെണ്ണൽ ആരംഭിക്കുന്നതോടെ ആദ്യ ട്രെൻഡ് ആർക്കൊപ്പം എന്നറിയാൻ കഴിയും. യുഡിഎഫിന് ഭൂരിപക്ഷം നല്‍കുകയും അവര്‍ ഭരിക്കുകയും ചെയ്യുന്ന പഞ്ചായത്താണ് വഴിക്കടവ്.
46 ബൂത്തുകളാണ് വഴിക്കടവിലുള്ളത്. വഴിക്കടവ്, മൂത്തേടം, കരുളായി, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അവസാനം അമരമ്പലം പഞ്ചായത്തുമാണ് എണ്ണുക. എടക്കരയിലേയും പോത്തുകല്ലിലേയും, ചുങ്കത്തറയിലേയും നഗരസഭയിലേയും വോട്ടുകൾ എണ്ണുന്നതോടെ ചിത്രം തെളിയും.
അതേസമയം വ്യക്തമായ ഭൂരിപക്ഷമുണ്ടാകുമെന്ന് എൽഡിഎഫും വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് യുഡിഎഫും പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു. പി.വി അൻവർ പിടിക്കുന്ന വോട്ടുകൾ നിർണായകമാണ്. പതിനായിരം വോട്ടെങ്കിലും പിടിച്ചാൽ തന്റെ നിലപാടിന് ജനകീയപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പിവി അൻവറിന്റെ കണക്കുകൂട്ടൽ.