ആള്‍ക്കൂട്ടവിചാരണയെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. പറമ്പായിയില്‍ റസീന മന്‍സിലില്‍ റസീന(40) യുടെ സുഹൃത്ത് മയ്യില്‍ കൊളച്ചേരി പള്ളിപ്പറമ്പ് പേരിക്കണ്ടി വീട്ടില്‍ പി.റഹീസിന്റെ പരാതി പ്രകാരമാണ് പാടിയില്‍ സുനീര്‍ (30), പൊന്ന്യത്ത് സക്കറിയ (30) എന്നിവരെക്കൂടി പ്രതിചേര്‍ത്തത്. ഇരുവരും ഒളിവിലാണെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്.
പറമ്പായി സ്വദേശികളായ എം.സി.മന്‍സിലില്‍ വി.സി.മുബഷീര്‍ (28), കണിയാന്റെവളപ്പില്‍ കെ.എ.ഫൈസല്‍ (34), കൂടത്താന്‍കണ്ടിയില്‍ വി.കെ.റഫ്‌നാസ് (24) എന്നിവരെ ആത്മഹത്യാപ്രേരണക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി നേരത്തേ അറസ്റ്റുചെയ്തിരുന്നു.
ശനിയാഴ്ച പിണറായി പൊലീസ് സ്റ്റേഷനിലെത്തിയാണ് റഹീസ് പരാതി നല്‍കിയത്. ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്ത പൊലീസ്, മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിട്ടയച്ചത്.
റസീനയുടെ മാതാവ് സി.കെ.ഫാത്തിമ തലശ്ശേരി എഎസ്പിക്ക് നല്‍കിയ പരാതിയിലെ പരാമര്‍ശങ്ങളെക്കുറിച്ചും റഹീസില്‍നിന്ന് വിവരം തേടി.
വിവാഹവാഗ്ദാനത്തിലൂടെ മകളില്‍നിന്ന് റഹീസ് സ്വര്‍ണവും പണവും കൈക്കലാക്കിയതായും സ്വകാര്യചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി നിരന്തരം ഭീഷണിപ്പെടുത്തിയതായും റസീനയുടെ മരണത്തിനുപിന്നില്‍ റഹീസാണെന്നും പറഞ്ഞിരുന്നു. ഈ പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസിന്റെ നിഗമനം.