ഇറാനെതിരെ ആക്രമണം നടത്താൻ യുഎസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ഉപയോഗിച്ചുവെന്ന ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വാദങ്ങൾ വ്യാജമാണെന്ന് ഇന്ത്യ.
ഇതു സംബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) സോഷ്യല്‍ മീഡിയ മാധ്യമമായ എക്‌സിലെ തങ്ങളുടെ ഫാക്‌ട് ചെക്ക് പേജില്‍ പോസ്റ്റിട്ടിട്ടുണ്ട്.
ഇറാനെ ആക്രമിച്ച സയത്ത് അമേരിക്ക ഇന്ത്യന്‍ വ്യോമാതിർത്തി ഉപയോഗിച്ചിട്ടില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. അമേരിക്കന്‍ വിമാനങ്ങൾ ഉപയോഗിക്കുന്ന റൂട്ട് അവരുടെ ജോയിന്‍റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർ ജനറൽ ഡാൻ കെയ്ൻ ഒരു പത്രസമ്മേളനത്തിൽ വിശദീകരിച്ചതായും ഇതിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം ഞായറാഴ്‌ച പുലർച്ചെയാണ് ഇറാന്‍റെ സുപ്രധാന ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തുന്നത്. ഫോർദോ, നതാന്‍സ്, ഇസ്‌ഫാഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിക്കുകയായിരുന്നു. ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ടത്തിന് ശേഷം അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ഇറാന്‍റെ വ്യോമമേഖലയില്‍ നിന്ന് മടങ്ങിയെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
മിസോറിയിലുള്ള വൈറ്റ്‌മാൻ വ്യോമസേനാ താവളത്തിൽ നിന്ന് അമേരിക്കന്‍ വ്യോമസേനയുടെ ഉഗ്രപ്രഹര ശേഷിയുള്ള ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ പസിഫിക് ദ്വീപായ ഗ്വാമിലേക്കു നീങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണമുണ്ടായത്.
ഇറാനിൽ ഇസ്രയേൽ നടത്തിയ ഒരാഴ്‌ചയിലേറെ നീണ്ട ആക്രമണങ്ങൾക്ക് ശേഷമാണ് അമേരിക്കയും ഇതിന്‍റെ ഭാഗമായത്. ഇതിന് പിന്നാലെ ഇസ്രയേലിനെതിരായ ആക്രമണം ഇറാന്‍ കടുപ്പിച്ചിരുന്നു. ഖൈബർ ബാലിസ്റ്റിക് മിസൈൽ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രയേലില്‍ ഇതു വ്യാപകമായ നാശനഷ്‌ടങ്ങളുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.
അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളോടുള്ള പ്രതികരണത്തിൻ്റെ ‘സമയം, സ്വഭാവം, വ്യാപ്‌തി’ എന്നിവ ഇറാൻ സൈന്യം നിർണയിക്കുമെന്ന് പിന്നീട് ഐക്യരാഷ്ട്രസഭയിലെ രാജ്യത്തിൻ്റെ അംബാസഡർ അമീർ സയീദ് ഇറവാനി പ്രതികരിച്ചിരുന്നു. യുഎൻ ആസ്ഥാനത്ത് നടന്ന സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര സമ്മേളനത്തിലാണ് ഇവാനി ഇക്കാര്യം പറഞ്ഞത്.