നിലമ്പൂരിൽ യുഡിഎഫ് വിജയം ഉറപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 6500 വോട്ടിന് മുന്നേറ്റം തുടരുന്നതിനിടെ ഡിസിസി. ഓഫീസിൽ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. പ്രസിഡന്റ് വി എസ് ജോയിയെ എടുത്തുയർത്തിയാണ് യുഡിഎഫ് പ്രവർത്തകർ ആഘോഷിക്കുന്നത്. ആര്യാടൻ ഷൌക്കത്ത് കുടുംബാംഗങ്ങൾക്ക് ഒപ്പം വീട്ടിൽ നിന്നാണ് തെരഞ്ഞെടുപ്പ് ഫലമറിയുന്നത്.
‘യുഡിഎഫിന്റെ കണക്കുകൾ കൃത്യമെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നതെന്നു വി എസ് ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ച് വരും. ഞങ്ങൾ ഭൂരിക്ഷം 12000 എന്ന കണക്കാണ് പറഞ്ഞത്’. അതിലേറെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നതെന്നും വിഎസ് ജോയ് പ്രതികരിച്ചു.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിലാണ് അവസാന ഘട്ടത്തിൽ അൻവർ യുഡിഎഫിനെ പിന്തുണക്കാതെ ഒറ്റക്ക് മത്സരിക്കുന്നതിലേക്ക് എത്തിയത്. ആര്യാടൻ ഷൌക്കത്തിനെ ഒഴിവാക്കി, വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പിവി അൻവർ യുഡിഎഫിന് മുന്നിൽ വെച്ച ആവശ്യം. വിഎസ് ജോയിയെ നേരിട്ട് വിളിച്ച് അനുനയിപ്പിച്ചാണ് കോൺഗ്രസ് ഒപ്പം നിർത്തിയത്.