നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണെന്ന് വിലയിരുത്തുന്നില്ലെന്ന് എം സ്വരാജ്.മണ്ഡലത്തിൽ പൊതുവെ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.
പ്രതീക്ഷക്ക് അനുസരിച്ചുള്ള പ്രകടനം നടത്താനായിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞു. ഇടതുപക്ഷം മുന്നോട്ടുവെച്ച ഒരു രാഷ്ട്രീയ നിലപാടുമായി തെരഞ്ഞെടുപ്പിൽ മുന്നോട്ടുപോകാനായി. ജനങ്ങളുടെ പ്രശ്നങ്ങള്‍ മാത്രമാണ് മുന്നോട്ടുവെച്ചത്. തിരിച്ചടി നേരിട്ടെങ്കിലും എനിക്ക് ഞാനായി തന്നെ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി. ഒരു വര്‍ഗീയ വാദിയുടെയും പിന്തുണ ഒരു കാലത്തും ഇടതുപക്ഷത്തിന് ആവശ്യമില്ല.
വിജയിയായ ആര്യാടൻ ഷൗക്കത്തിന് എല്ലാ അഭിനന്ദനം അറിയിക്കുകയാണ്. ഇനി കുറഞ്ഞ കാലമാണെങ്കിലും മികച്ച നിലയിൽ എംഎൽഎ ആയി പ്രവര്‍ത്തിക്കാനാകട്ടെയെന്ന് ആശംസിക്കുകയാണ്. ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളാണ് എല്ലായിപ്പോഴും ഉയര്‍ത്തിപ്പിടിക്കാൻ ശ്രമിച്ചത്. ജയപരാജയങ്ങളെ രാഷ്ട്രീയമായാണ് കാണുന്നത്. ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ജയിച്ചാലും ജനങ്ങൾക്കും നാടിനും വേണ്ടിയുള്ള സമരം തുടരും, ഇപ്പോൾ ഞങ്ങൾ തോറ്റു തോറ്റാലും ആ സമരം ഞങ്ങൾ തുടരു’മെന്നും സ്വരാജ് വ്യക്തമാക്കി.
വിലയിരുത്തലുകൾ പല രീതിയിൽ വരും. ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പെന്ന് അംഗീകരിച്ചാൽ, സർക്കാരിന്റെ ഭരണപരിഷ്‌ക്കാരങ്ങളും നടപടികളും ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് തനിക്ക് തോന്നുന്നില്ല. സർക്കാരിന്റെ പ്രവർത്തന ഫലമായി വലിയ മാറ്റങ്ങളാണ് നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുള്ളത്. ആ മാറ്റങ്ങൾ ജനങ്ങൾ നിരാകരിച്ചുവെന്ന നിഗമനത്തിലേക്ക് നമുക്ക് ഒരിക്കലും എത്താൻ സാധിക്കില്ല.
എൽഡിഎഫ് മുൻപോട്ട് വെച്ച രാഷ്‌ട്രീയത്തിൽ പിശകുണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. എല്ലാ തിരഞ്ഞെടുപ്പുകളിലും മുൻപോട്ട് വെക്കുന്ന രാഷ്ട്രീയം ശെരിയായി തന്നെ വിലയിരുത്തപ്പെട്ടുകൊള്ളണം എന്നില്ല. സാവകാശം നമുക്ക് അതെല്ലാം ശെരിയായി പരിശോധിച്ച് നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകാം. നിലമ്പൂരിൽ രാഷ്ട്രീയ സംവാദത്തിനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.