സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയും കാറ്റും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നിലവിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചതെങ്കിലും കടലാക്രമണത്തിന് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
തീരദേശ വടക്കൻ ആന്ധ്രാ പ്രദേശിന്റെയും അതിനോട് ചേർന്നുള്ള തെക്കൻ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ ഉത്തർപ്രദേശിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.
കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂൺ 23 മുതൽ 27 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 23 -27 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 – 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത.