നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. സമർപ്പണവും സേവനവും കൊണ്ട് തിളങ്ങിയ ആര്യാടൻ ഷൗക്കത്തിനും ഈ വിജയം സാധ്യമാക്കിയ യുഡിഎഫിന്‍റെ എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പ്രിയങ്ക പറഞ്ഞു.
സോഷ്യല്‍ മീഡിയ മാധ്യമമായ ഫേസ്ബുക്കിലുടെയാണ് പ്രിയങ്കയുടെ പ്രതികരണം.
“ഞങ്ങള്‍ ഓരോരുത്തരും പ്രതിബദ്ധതയോടെയും ഏകാഗ്രതയോടെയും ഒരു ടീമായി പ്രവർത്തിച്ചു. അതാണ് ഈ വിജയത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പാഠം. സമർപ്പണവും സേവനവും കൊണ്ട് തിളങ്ങിയ ആര്യാടൻ ഷൗക്കത്തിനും ഈ വിജയം സാധ്യമാക്കിയ യുഡിഎഫിന്‍റെ എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾഎല്ലാത്തിലുമുപരി, നിലമ്പൂരിലെ എന്‍റെ സഹോദരി സഹോദരന്മാർക്ക് നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി. നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളിലും പുരോഗതിയെക്കുറിച്ചുള്ള യുഡിഎഫിൻ്റെ കാഴ്‌ചപ്പാടിലും നിങ്ങൾക്കുള്ള വിശ്വാസം നമുക്ക് മുന്നോട്ടുള്ള വഴികാട്ടിയാവും” – പ്രിയങ്ക ഗാന്ധി കുറിച്ചു.