Kerala

നിലമ്പൂരിലേത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാറ്റത്തിനായുള്ള ജനവിധി; സമുദായങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് നേടാമെന്ന് കരുതിയ സിപിഎമ്മിനും ബിജെപിക്കുമേറ്റ തിരിച്ചടിയെന്ന് കെ.സി.വേണുഗോപാല്‍

എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ശക്തമായ ജനവിധിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കഴിഞ്ഞ നാലു ഉപതിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ എല്ലായിടത്തും യുഡിഎഫ് ഭൂരിപക്ഷം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലാകും. മൂന്നിടത്ത് സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനും ചേലക്കരയില്‍ വോട്ട് വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞു. എന്നാല്‍ നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത.് ജനങ്ങള്‍ക്കുള്ളിലെ സര്‍ക്കാര്‍ വിരുദ്ധ വികാരത്തെയാണിത് പ്രതിഫലിപ്പിക്കുന്നത്. നിലമ്പൂരില്‍ യുഡിഎഫ് ഉയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു എന്നതാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി മലപ്പുറത്തെ അവഹേളിച്ചതിനും , ദേശീയ പാത അതോറിറ്റിയുടെ ഏറ്റവും വലിയ കൊള്ളയെ സംസ്ഥാന സര്‍ക്കാര്‍ പരോക്ഷമായി ന്യായീകരിച്ചതിനും, ക്ഷേമ പെന്‍ഷന്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം നല്‍കുന്ന ശൈലിയ്‌ക്കെതിരെയും ജനങ്ങള്‍ നല്‍കിയ വിധിയാണിതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ എങ്ങനെയെങ്കിലും മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിന് വേണ്ടിയാണ് നിലമ്പൂര്‍ വിധിയെഴുതിയത്. സമുദായങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് നേടാമെന്ന് കരുതുന്ന ബിജെപിക്കേറ്റ തിരിച്ചടിയും കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. ആദ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്ന് പറഞ്ഞ ബിജെപി ഒടുക്കം പ്രീണന നയം സ്വീകരിച്ചിട്ടും ജനങ്ങള്‍ അതിനെ തള്ളിക്കളഞ്ഞു എന്നത് പ്രതീക്ഷാജനകമാണ്. സിപിഐഎമ്മിന്റെ കോട്ടകളില്‍ പോലും അവര്‍ക്ക് വോട്ട് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലാത്തത് ജനങ്ങള്‍ അവര്‍ക്കൊപ്പമില്ല എന്നത് വ്യക്തമാക്കുന്നു. സിപിഎം അണികളെ പോലും തൃപ്തിപ്പെടുത്താന്‍ ഈ സര്‍ക്കാരിന് കഴിയുന്നില്ല. യുഡിഎഫിനുള്ളിലെ ഐക്യത്തിന്റെ കൂടി വിജയമാണ് നിലമ്പൂരിലേത്. തോല്‍വി മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നെ മുന്‍കൂര്‍ ജാമ്യമെടുത്തതെന്നും കെ.സി.വേണുഗോപാല്‍ പരിഹസിച്ചു.

Latest News