കഴിഞ്ഞ ദിവസം അമേരിക്ക ഇറാനെതിരെ നടത്തിയ ആക്രമണത്തിൽ ആണവകേന്ദ്യങ്ങൾ തകർന്നടിഞ്ഞെന്ന് ട്രംപിന്റെ അവകാശ വാദം. ആണവ കേന്ദ്രങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ ഉള്‍പ്പെടെ പുറത്ത് വിട്ടാണ് അമേരിക്ക പ്രസ്ഥാവന നടത്തിയിരിക്കുന്നത്. ‘ഉപഗ്രഹ ചിത്രങ്ങളിൽ കാണുന്നത് പോലെ ഇറാനിലെ എല്ലാ ആണവ കേന്ദ്രങ്ങൾക്കും വലിയ നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പൂർണമായും നശിപ്പിച്ചു എന്നു തന്നെ പറയാം. ചിത്രത്തിൽ കാണുന്ന കെട്ടിടം നിലവിൽ ഭൂമിക്കടിയിലാണ്’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്‌റ്റിൽ കുറിച്ചു.
ഇറാന്‍റെ പ്രധാന മൂന്ന് ആണവകേന്ദ്രങ്ങളായ ഫോർദോ, നതാന്‍സ്, ഇസ്‌ഫാഹാന്‍ എന്നിവിടങ്ങളിലാണ് അമേരിക്ക കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ എന്ന പേരിൽ നടത്തിയ വ്യോമാക്രമണം ഒരു ദിവസം പിന്നിടുമ്പോഴാണ് ട്രംപ് അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇസ്രയേൽ- ഇറാൻ ആക്രമണം ആരംഭിച്ച് പത്താം ദിവസമാണ് അമേരിക്ക ഇതില്‍ നേരിട്ട് ഇടപെടുന്നത്.
ഇറാനിലെ ഭരണമാറ്റം സംബന്ധിച്ചും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരണവുമായി എത്തിയിരുന്നു.നിലവിലെ ഭരണക്കൂടത്തിന് ഇറാനെ മഹത്തരമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഭരണമാറ്റം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും ട്രംപ് ചോദിച്ചു. കൂടാതെ ആക്രമണം നടത്തിയ സൈന്യത്തിന് നന്ദി പറഞ്ഞും ട്രംപ് പോസ്‌റ്റ് ഇട്ടിരുന്നു.