ഇന്ത്യയിലെ എക്കാലത്തെയും മിക്കച്ച ചിത്രങ്ങളിലൊന്നാണ് ‘ഷോലെ’. രമേശ് സിപ്പി സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ ചിത്രം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഐതിഹാസിക ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു.
ഷോലെയുടെ അൺകട്ട് പതിപ്പിന്‍റെ കൂടെ തിയറ്ററിലെ കട്ടിന്‍റെ ഭാഗമല്ലാതെ മുമ്പ് ഇല്ലാതാക്കിയ രംഗങ്ങളും ജൂൺ 27 ന് ഇറ്റലിയിലെ ബൊളോണയിലെ പിയാസ മാഗിയോറിലെ വലിയ ഓപ്പൺ എയർ സ്‌ക്രീനിൽ പ്രദർശിപ്പിക്കും. ചിത്രത്തിന്റെ 50-ാം വാർഷികത്തിന്റെ സ്മരണക്കായി ബൊളോണയിൽ നടക്കുന്ന വാർഷിക ഇൽ സിനിമ റിട്രോവാറ്റോ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ലോക പ്രീമിയർ പ്രദർശനം നടക്കുക.
ഷോലെയാണ് തിയറ്ററുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമ. റിലീസ് ചെയ്തപ്പോള്‍ തന്നെ ചിത്രം നിരവധി ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ ചിത്രം തകര്‍ത്തിരുന്നു. ബോക്‌സ് ഓഫീസില്‍ നിന്ന് 15 കോടിയിലധികമാണ് ഷോലെ നേടിയത്. ആഗോളതലത്തിലും ചിത്രം ഹിറ്റായിരുന്നു. പ്രത്യേകിച്ച് സോവിയറ്റ് യൂണിയനില്‍ ആറ് കോടി ടിക്കറ്റുകളാണ് വിറ്റുപോയത്. യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി ഷോലെ ഒരു കോടിയിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിങ് മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു എന്ന് അമിതാഭ് ബച്ചൻ പറഞ്ഞിട്ടുണ്ട്. അന്ന് ഇന്ത്യൻ സിനിമക്ക് അതൊരു വഴിത്തിരിവായിരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു പരാജയ സംരംഭമായി പ്രഖ്യാപിക്കപ്പെട്ടതിൽ നിന്ന് റെക്കോർഡ് ഭേദിച്ച് ബോക്സ് ഓഫീസ് റണ്ണിലേക്കുള്ള മാറ്റം ഒരു വൈകാരിക റോളർകോസ്റ്ററായിരുന്നു. 50 വർഷങ്ങൾക്ക് ശേഷവും, ലോകമെമ്പാടുമുള്ള പുതിയ പ്രേക്ഷകരുടെ ഭാവനയെ ഈ ചിത്രം പിടിച്ചെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ വേൾഡ് പ്രീമിയറിനെ കുറിച്ചുള്ള പത്രക്കുറിപ്പിലാണ് അമിതാഭ് ബച്ചൻ ഇതേ കുറിച്ച് സംസാരിച്ചത്.
ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നാണ് ധർമ്മേന്ദ്ര ഇതിനെ വിശേഷിപ്പിച്ചത്. സിനിമ പുനഃസ്ഥാപിക്കുന്നുവെന്ന് കേട്ടപ്പോൾ അതിയായ സന്തോഷമുണ്ട്. 50 വർഷം മുമ്പുള്ള അതേ വിജയം ഇതിന് ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സലിം-ജാവേദിന്റെ സംഭാഷണങ്ങളും രമേശ് സിപ്പിയുടെ സംവിധാനവും ആർക്കാണ് മറക്കാൻ കഴിയുക? സിനിമയെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞത് സ്നേഹത്തിന്റെ ഒരു അനുഭവമാണെന്നും ധർമ്മേന്ദ്ര കൂട്ടിച്ചേർത്തു.
















