അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ ജന്മനാട്ടില്‍ എത്തിക്കും.അമ്മയുടെ ഡിഎൻഎ സാമ്പിളുമായാണ് യോജിച്ചത്. സംസ്കാരം നാളെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നാളെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തും
കഴിഞ്ഞ ജൂണ്‍ 12നാണ് അഹമ്മദാബാദില്‍ എയർ ഇന്ത്യ വിമാനം അപകടത്തില്‍പെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ തകർന്നുവീഴുകയായിരുന്നു.
തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ജി നായർ യുകെയില്‍ നഴ്‌സായി ജോലി ചെയ്‌തുവരികയായിരുന്നു. കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന രഞ്ജിത സർക്കാർ ജോലിയിൽ നിന്നും അവധി എടുത്താണ് വിദേശത്ത് ജോലിക്ക് പോയത്. നിരവധി വർഷം ഗള്‍ഫ് രാജ്യങ്ങളിലായിരുന്നു രഞ്ജിത ജോലി ചെയ്‌തിരുന്നത്.
പിന്നീട് യുകെയിലേക്ക് ജോലിക്ക് പോയി. സർക്കാർ ജോലിയുടെ അവധി അപേക്ഷ നീട്ടി നല്‍കാനായാണ് രഞ്ജിത അവസാനം നാട്ടിലെത്തിയത്. നടപടികൾ പൂർത്തിയാക്കി തിരികെ യുകെയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇപ്പോള്‍ താമസിക്കുന്ന വീടിന് സമീപത്തായി രഞ്ജിതയുടെ പുതിയ വീടിൻ്റെ നിർമാണം നടന്നു വരികയാണ്.
അമ്മ തുളസിക്കുട്ടിയമ്മ ക്യാൻസർ രോഗിയാണ്. പത്തിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികൾക്കായി ബന്ധുക്കൾ നേരത്തെ അഹമ്മദാബാദിൽ എത്തിയിരുന്നു
















