കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കാളിഗഞ്ച് നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസ് പാർട്ടിയുടെ വിജയം ആഘോഷിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു. വിജയാഘോഷത്തിനിടെ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് പത്തുവയസുകാരി കൊല്ലപ്പെട്ടു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ തമന്ന ഖട്ടൂണ്‍ ആണ് കൊല്ലപ്പെട്ടത്.
വെസ്റ്റ് നാദിയ ജില്ലയിലെ ബരോചന്ദ്ഗര്‍ ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ മരണത്തില്‍ ഞെട്ടലും അതീവ ദുഖവും രേഖപ്പെടുത്തുന്നുവെന്നും തന്റെ പ്രാര്‍ത്ഥനകള്‍ കുട്ടിയുടെ കുടുംബത്തിനൊപ്പമാണെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ മമതാ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. മമതാ ബാനര്‍ജിയുടെ അക്രമാസക്തമായ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഇരയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. ‘പശ്ചിമബംഗാളില്‍ ക്രമസമാധാനം എന്നൊന്നില്ല. ആഭ്യന്തരം ഭരിക്കുന്ന മമതാ ബാനര്‍ജി ഒരു ഭരണാധികാരി എന്ന നിലയില്‍ തന്നെ പരാജയമാണ്. അവര്‍ മുസ്‌ലിം വോട്ടുബാങ്ക് നിലനിര്‍ത്താനായി തമന്നയെപ്പോലുളള നിഷ്‌കളങ്കരായ കുട്ടികളുടെ ജീവന്‍ ബലി കൊടുക്കുകയാണ്. ഇത് ഭരണമല്ല. ഇത് കുറ്റകരമായ അനാസ്ഥയാണ്’- അമിത് മാളവ്യ കുറിച്ചു.
കാളിഗഞ്ച് ഉപതെരഞ്ഞെടുപ്പിൽ ടിഎംസിയുടെ സ്ഥാനാര്‍ത്ഥി അലിഫ അഹമ്മദാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ആശിഷ് ഘോഷ് ആണ് രണ്ടാംസ്ഥാനത്ത്. 10,2759 വോട്ടുകളാണ് അലിഫ നേടിയത്. 52,710 വോട്ടുകളാണ് ആശിഷ് ഘോഷിന് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കബില്‍ ഉദ്ദിന്‍ ഷെയ്ക്ക് ആണ് മൂന്നാമന്‍. അദ്ദേഹത്തിന് 28,348 വോട്ടാണ് ലഭിച്ചത്. കാളിഗഞ്ചിലെ വിജയത്തെ ‘ജനങ്ങള്‍ നല്‍കിയ വിധി’ എന്നാണ് മമതാ ബാനര്‍ജി വിശേഷിപ്പിച്ചത്.