ടെഹ്റാൻ: ഇറാന്റെ ഭരണ സംവിധാനത്തിന്റെ ശക്തമായ പ്രതീകമായ വടക്കൻ ടെഹ്‌റാനിലെ എവിൻ ജയിലിൽ ഇസ്രയേൽ ആക്രമിച്ചു. ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് ആണ് വിവരം പുറത്തുവിട്ടത്. ഇറാൻ തലസ്ഥാനത്ത് ഇസ്രായേൽ നടത്തിയ ഏറ്റവും തീവ്രമായ ബോംബാക്രമണമാണിത്.
🚨 BREAKING: The Israeli Air Force bombed the gates of Iran's Evin Prison in Tehran, which holds Iranians opposed to the Islamic regime. No word if any prisoners escaped. pic.twitter.com/rcsygRewcD
— Breaking911 (@Breaking911) June 23, 2025
ഇറാനിലെ കുപ്രസിദ്ധ തടവറയായ എവിൻ ജയിലിൽ ആണ് മിസൈൽ ആക്രമണം നടത്തിയത്. ജയിൽ ആക്രമണ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ ജയിലിന്റെ ഗേറ്റ് തകരുന്നത് ദൃശ്യങ്ങളിൽ കാണാം. വിദേശികളടക്കം നിരവധിപേരെ പാർപ്പിച്ചിരിക്കുന്ന ടെഹ്റാനിലെ എവിൻ ജയിലിനു നേർക്ക് നടത്തിയ ആക്രമണത്തിന് വലിയ പ്രധാന്യമാണ് കൽപിക്കപ്പെടുന്നത്. രാഷ്ട്രീയ തടവുകാരും ഇറാൻ സർക്കാരിനെ വിമർശിക്കുന്ന ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരുമടക്കം തടവിൽകഴിയുന്ന ഈ ജയിലിൽ നടത്തിയ ആക്രമണത്തിലൂടെ ഇസ്രയേലിന് ഒന്നിലേറെ ലക്ഷ്യങ്ങളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
ചാരവൃത്തിക്കുറ്റം ചുമത്തി ഇറാൻ തടവിലാക്കിയിരിക്കുന്ന ഫ്രഞ്ച് പൗരയും അധ്യാപികയുമായ സെസിലി കോഹ്ലറും പങ്കാളിയായ ജാക്വസ് പാരീസും 2022 മുതൽ ഈ ജയിലിലാണ് കഴിയുന്നത്. ഇവർക്ക് പുറമേ 20-ഓളം യൂറോപ്യൻ പൗരന്മാരെ ഇറാൻ ഇവിടെ തടവിൽ പാർപ്പിച്ചിട്ടുണ്ടെന്ന് ഫ്രാൻസ് 24 റിപ്പോർട്ട് ചെയ്യുന്നു. വിചാരണ കൂടാതെ നിരവധി പേരെ തടവിൽ പാർപ്പിച്ചിരിക്കുന്ന ഈ ജയിൽ ‘ഇറാനിലെ നീതിന്യായവ്യവസ്ഥയുടെ തമോഗർത്ത’മെന്നാണ് അറിയപ്പെടുന്നത്.
1972-ൽ സ്ഥാപിച്ച എവിൻ ജയിൽ, മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ നേരത്തെതന്നെ അന്താരാഷ്ട്രതലത്തിൽ കുപ്രസിദ്ധിയാർജ്ജിച്ച തടങ്കൽ കേന്ദ്രമാണ്. വധശിക്ഷകൾ, വൈദ്യുതാഘാതമേൽപ്പിക്കൽ, ഏകാന്ത തടവ്, നിർബന്ധിത കുറ്റസമ്മതം നടത്തിക്കൽ, ജയിൽ സംഘർഷങ്ങൾ എന്നിങ്ങനെ അതിക്രൂര പീഡനങ്ങൾ ജയിലിൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നോ സഹകരിച്ചെന്നോ ആരോപിക്കപ്പെടുന്ന വിദേശ പൗരന്മാരും ഇവിടെ തടവിലുണ്ടെന്നാണ് വിവരം. ഇറാന്റെ ബന്ദി നയതന്ത്രത്തിന്‍റെ ഭാഗമായ ഒരു കേന്ദ്രംകൂടിയാണ് എവിൻ ജയിൽ. കൂടാതെ ഐആർജിസിയുടെ (Islamic Revolutionary Guard Corps) ഇന്റലിജൻസ് യൂണിറ്റുകൾ ഇതിനകത്ത് പ്രവർത്തിക്കുന്നതായുള്ള വിവരങ്ങളുമുണ്ട്. ഇത് ലക്ഷ്യം വെച്ചായിരിക്കാം ഇസ്രയേൽ ജയിലിന് നേരെ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ഇസ്രയേലിന്റെ ആക്രമണത്തിൽ ജയിലിന്റെ ചില ഭാഗങ്ങൾക്ക് കേടുപാടുപറ്റിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇസ്രായേൽ എവിൻ ജയിൽ ആക്രമിച്ചതിന് പിന്നാലെ ആശങ്ക അറിയിച്ചുകൊണ്ട് ജയിലിൽ കഴിയുന്ന സെസിലിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സെസിലിയും പങ്കാളിയുമടക്കമുള്ള പല തടവുകാരും അപകടത്തിലാണെന്നും ഈ ആക്രമണം നിരുത്തരവാദിത്വപരമെന്നും സെസിലി കോഹ്ലറിന്റെ സഹോദരി നോമി കോഹ്ലർ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
സഹോദരിയും പങ്കാളിയും ജീവിച്ചിരിപ്പുണ്ടോ എന്ന ഞങ്ങൾക്കറിയില്ല. ഒരു വിവരവും ഇല്ല. ഞങ്ങളാകെ പരിഭ്രാന്തരാണ്. അങ്ങേയറ്റം അപകടകരമായ ഈ ആക്രമണത്തെ അപലപിക്കണമെന്നും ഫ്രഞ്ച് തടവുകാരെ മോചിപ്പിക്കണമെന്നും ഫ്രഞ്ച് അധികാരികളോട് നോമി കോഹ്ലർ അഭ്യർത്ഥിച്ചു. ഇരുപക്ഷവും സാധാരണക്കാരായ ജനങ്ങളുടെ ജീവൻകൊണ്ടാണ് കളിക്കുന്നതെന്നും അവർ പറഞ്ഞു. ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ജയിലിൽ കുഴപ്പങ്ങളും സംഘർഷങ്ങളും ഉടലെടുക്കാൻ സാധ്യതയുണ്ടെന്നും അവർ ആശങ്കപ്രകടിപ്പിച്ചു. 2022-ൽ എവിൻ ജയിലിൽ ഉണ്ടായ സംഘർഷത്തിലും തീപിടിത്തത്തിലും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ചില മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.