പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഓപ്പറേഷന്‍ സിന്ദൂറിനേയും പ്രശംസിച്ച് ശശി തരൂര്‍ എംപി. പഹല്‍ഗാം ആക്രമണത്തിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ഇടപെടലുകളും അദ്ദേഹത്തിന്റെ ഊര്‍ജവും കൂടൂതല്‍ പിന്തുണ അര്‍ഹിക്കുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഊര്‍ജവും വൈദഗ്ധ്യവും ആഗോള വേദികളില്‍ രാജ്യത്തിന്റെ പ്രധാന സമ്പാദ്യമെന്ന് ശശി തരൂര്‍ പറഞ്ഞു. ദി ഹിന്ദുവിന് വേണ്ടി തയ്യാറാക്കിയ ലേഖനത്തിലാണ് തരൂര്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചത്. ലേഖനം പ്രധാനമന്ത്രിയുടെ ഓഫിസ് പങ്കുവച്ചിട്ടുമുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് മോദിയെ വാനോളം പ്രശംസിച്ചുകൊണ്ട് കോണ്‍ഗ്രസ് എംപിയായ ശശി തരൂര്‍ ലേഖനമെഴുതിയിരിക്കുന്നത്. ബിജെപി നേതാക്കള്‍ ഇതിനോടകം തന്നെ ലേഖനം ആഘോഷമാക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യം നല്‍കിയ ശക്തമായ സന്ദേശമായിരുന്നുവെന്നും ഒരുമിച്ച് നിന്നാല്‍ ഇന്ത്യയ്ക്ക് ലോകത്തിന് മുന്നില്‍ വളരെ വ്യക്തമായി തങ്ങളുടെ ശബ്ദം രേഖപ്പെടുത്താനാകുമെന്നും ശശി തരൂര്‍ എഴുതി.
സങ്കീര്‍ണമായ അന്താരാഷ്ട്ര രാഷ്ട്രീയ കാലാവസ്ഥയില്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഇന്ത്യ കൃത്യമായി മനസിലാക്കിയതായി ശശി തരൂര്‍ എഴുതി. ഐക്യത്തിന്റെ ശക്തി, ആശയവിനിമയത്തിലെ വ്യക്തത, സോഫ്റ്റ് പവറിന്റെ തന്ത്രപരമായ ഉപയോഗം എന്നിവ രാജ്യത്തിന് ഗുണമായി. പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാടും ഭീകരതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയവും ഉയര്‍ത്തിക്കാട്ടാനായെന്നും അദ്ദേഹം എഴുതി.
STORY HIGHLIGHT : Shashi Tharoor praises PM Modi again