ആര്യാടന്‍ ഷൗക്കത്തിന്റെ മിന്നും വിജയവും അതിനെത്തുടര്‍ന്നുണ്ടായ ആഹ്ലാദ പ്രകടനങ്ങൾ നിലമ്പൂരില്‍ നിന്നും തുടങ്ങി സംസ്ഥാനമൊട്ടാകെ വ്യാപിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് . സംസ്ഥാന രാഷ്ട്രീയം വിഷയമായി വന്ന ഉപതിരഞ്ഞെടുപ്പില്‍ പിവി. അന്‍വര്‍ എന്ന സ്വതന്ത്രന്‍ ഉയര്‍ത്തിയ വെല്ലുവിളികളുള്‍പ്പടെ സധൈര്യം നേരിട്ടാണ് ഒന്‍പതു വര്‍ഷങ്ങള്‍ക്കുശേഷം ആര്യാടന്‍ ഷൗക്കത്തിലൂടെ കോണ്‍ഗ്രസ് നിലമ്പൂര്‍ തിരിച്ചുപിടിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പുകളിലെ വിജയശതമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന യുഡിഎഫ് മുന്നണിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ നടക്കാന്‍ പോകുന്ന രണ്ടു തിരഞ്ഞെടുപ്പുകളെ പൂര്‍ണ ആത്മവിശ്വാസത്തോടെ നേരിടാം. പൊതുവേ സെമിഫൈനല്‍ എന്ന് വിശേഷിപ്പുക്കാറുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ ഈ വീറും വാശിയോടെയും നേരിട്ടാല്‍ ഇതു പോലെ വിജയം കൊയ്യാമെന്ന ആത്മവിശ്വാസം പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പാഠമായി നിലമ്പൂര്‍ മാറി.
നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കേവലം രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള പോരാട്ടം മാത്രമായിരുന്നില്ല; ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും അത് ഒരുപോലെ അഗ്‌നിപരീക്ഷയായിരുന്നു. ഭരണപരാജയം മറയ്ക്കാന്‍ എല്‍ഡിഎഫിന് നിലമ്പൂരിലെ വിജയം അനിവാര്യമായിരുന്നെങ്കില്‍, വരും തിരഞ്ഞെടുപ്പുകള്‍ക്കുള്ള എന്‍ട്രന്‍സ് പരീക്ഷ തന്നെയായിരുന്നു യുഡിഎഫിന് നിലമ്പൂര്‍. ശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുകയും യുഡിഎഫ് ഒറ്റക്കെട്ടായി തന്ത്രങ്ങള്‍ മെനഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തതോടെ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെയെത്തി.
യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന്റെ കാതല്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ്; അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കങ്ങള്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായിരുന്നു. സീറ്റ് തര്‍ക്കങ്ങള്‍ പ്രചരണം ആരംഭിക്കുന്നതിന് മുമ്പുതന്നെ യുഡിഎഫിന്റെ ഭാവി പാളം തെറ്റിക്കുമെന്ന് ഏവരും കരുതി. എന്നാല്‍ തിരശ്ശീലയ്ക്ക് പിന്നിലെ കൃത്യമായ നയതന്ത്രത്തിലൂടെ കെ.സി വേണുഗോപാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പിഴവുകളില്ലാതെ, വിമത ശബ്ദങ്ങളില്ലാതെ പൂര്‍ത്തിയാക്കി. ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ഉടന്‍ തന്നെ പ്രചരണത്തിലേക്ക് കടന്ന യുഡിഎഫ് തുടക്കത്തിലേ ബഹുദൂരം മുന്നിലെത്തി. ഒപ്പം, ഡല്‍ഹിയിലിരുന്ന് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന സാധാരണ ദേശീയ നേതാക്കളെപ്പോലെയല്ല താന്‍ എന്ന് വീണ്ടും തെളിയിച്ച് കെ.സി വേണുഗോപാല്‍ പ്രചരണത്തിന് മണ്ഡലത്തില്‍ നേരിട്ടെത്തി. യുഡിഎഫ് കണ്‍വെന്‍ഷനുകളിലൊക്കെ, പിണറായി വിജയനെതിരെയും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും വേണുഗോപാല്‍ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടു. സാധാരണഗതിയില്‍ സിപിഎമ്മിന്റെ പിആര്‍ സ്ഥാപനങ്ങള്‍ നയിക്കുന്ന വഴിയിലേക്ക് എത്താറുള്ള മാധ്യമങ്ങളെ യുഡിഎഫിന്റെ അജണ്ടയിലേക്ക് വഴി തിരിച്ച് വിട്ടതും കെ.സി വേണുഗോപാലാണ്. വര്‍ഗ്ഗീയ പ്രചരണം നടത്താന്‍ ഉദ്ദേശിച്ച സിപിഎമ്മിനെ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കി വെള്ളം കുടിപ്പിച്ചു. യുഡിഎഫിന് എതിരെ ചര്‍ച്ചകള്‍ തിരിച്ച് വിടാനുള്ള എല്‍ഡിഎഫ് ശ്രമമെല്ലാം വിഫലമാകുകയും ചെയ്തു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനെ ഒരു പ്രാദേശിക പോരാട്ടത്തില്‍ നിന്ന് എല്‍ഡിഎഫിന്റെ ഭരണത്തെക്കുറിച്ചുള്ള ഒരു റഫറണ്ടമാക്കി മാറ്റുന്നതില്‍ കെ.സി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിര്‍ണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ പ്രചരണ തന്ത്രം വ്യക്തമായിരുന്നു; കുഴികള്‍ നിറഞ്ഞ ഹൈവേകള്‍ മുതല്‍ ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകള്‍ വരെയുള്ള എല്‍ഡിഎഫിന്റെ പോരായ്മകള്‍ തുറന്നുകാട്ടി. അപശബ്ദത്തിന്റെ നേരിയ മുരളല്‍ പോലുമില്ലാത്ത തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനൊരു പുതുമയാണ്. പാര്‍ട്ടിയിലെ സ്ഥിരം കലഹപ്രിയര്‍ നാവും വാലും മടക്കി മാളത്തിലിരുന്നതല്ലാതെ കുളം കലക്കാന്‍ ഇറങ്ങാന്‍ ധൈര്യപ്പെടാതെ ഇരുന്നു. കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ളവര്‍ മുതല്‍ കീഴ്ഘടകങ്ങള്‍ വരെ കൈ മെയ്യ് മറന്ന് പ്രവര്‍ത്തിച്ചു. കെ.സി വേണുഗോപാല്‍ ചുമതലയേല്‍പ്പിച്ച പുതിയ കെപിസിസി നേതൃത്വം കഴിവ് തെളിയിച്ച തെരഞ്ഞെടുപ്പ് കൂടിയാണ് നിലമ്പൂരിലേത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നയിക്കാന്‍ പൂര്‍ണ്ണസജ്ജരാണ് തങ്ങളെന്ന് അവര്‍ അടിവരയിട്ടു. പുതിയ നേതൃത്വത്തെ അവതരിപ്പിച്ചതിന്റെ പേരില്‍ കെ.സി വേണുഗോപാല്‍ നേരിട്ട പഴികളെല്ലാം അതോടെ പൂച്ചെണ്ടുകളായി മാറിയെന്ന വ്യക്തമായി.