പരസ്പരമുള്ള മത്സരത്തിന്റെ ഭാഗമായി അർദ്ധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്ന നിലയിലേക്ക് മാധ്യമ പ്രവർത്തനം മാറുന്ന കാലമാണിതെന്നും ഇതു സംബന്ധിച്ച് മാധ്യമപ്രവർത്തകരും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരും പുനർവിചിന്തനത്തിന് തയാറാകണമെന്നും സ്പീക്കർ എ.എൻ ഷംസീർ. പത്രപ്രവർത്തകനായിരുന്ന അനിൽ രാധാകൃഷ്ണൻ അനുസ്മരണ സമ്മേളനവും പുസ്തക പ്രകാശനവും മാസ്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരിന്റെ വഴിയിലൂടെ മാധ്യമപ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു അനിൽ. ആ മാതൃക നിലനിൽക്കണം. കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റും അനിലിന്റെ കുടുംബവും ചേർന്ന് ഏർപ്പെടുത്തിയ എസ്. അനിൽ രാധാകൃഷ്ണൻ ഫെലോഷിപ്പിന്റെ ഭാഗമായി ടി.സി. രാജേഷ് സിന്ധു തയാറാക്കിയ ‘വികസ്വര പാതകൾ അരക്ഷിത യാത്രികർ’ എന്ന പഠന ഗ്രന്ഥവും സ്പീക്കർ പ്രകാശനം ചെയ്തു.
റോഡ് നിയമങ്ങൾ പാലിക്കുന്നതിൽ എല്ലാവരും കുറച്ചുകൂടി ശ്രദ്ധാലുക്കൾ ആകണം. മറ്റു രാജ്യങ്ങളിൽ പോയാൽ കൃത്യമായി നിയമങ്ങൾ പാലിക്കാറുണ്ട് നമ്മൾ. നാട്ടിലാകുമ്പോൾ പലപ്പോഴും നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടിയെടുത്താൽ പരാതിയാണ്. ഈ അവസ്ഥ മാറണമെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണ ബോർഡ് മുൻ അംഗം സി.പി. ജോൺ പുസ്തകം ഏറ്റുവാങ്ങി. റോഡിലെ പെരുമാറ്റരീതിയും നമ്മുടെ ജനാധിപത്യ ബോധത്തിന്റെ ഒരു ഉരകല്ലാണ്. അത് കൂടുതൽ ജനാധിപത്യ പരമാവേണ്ടതുണ്ടെന്നും സി പി ജോൺ പറഞ്ഞു. കേരള സർവ്വകലാശാല ജേർണലിസം വിഭാഗം മുൻ മേധാവി എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. രാജ്ഭവൻ മുൻ പിആർഒ എസ്.ഡി. പ്രിൻസ് പുസ്തകം പരിചയപ്പെടുത്തി. ലോകബാങ്ക് കൺസൾട്ടന്റ് സോണി തോമസ് റോഡ് സുരക്ഷ എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു. കേസരി ട്രസ്റ്റ് പ്രസിഡൻറ് ഷില്ലർ സ്റ്റീഫൻ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് വെള്ളിമംഗലം, എസ്. എസ്. സിന്ധു എന്നിവർ പങ്കെടുത്തു.
STORY HIGHLIGHT : The media and society should be prepared for rethinking: Speaker