ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ ലെബനനിലും ഇസ്രയേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ലെബനനിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തെക്കന്‍ ലെബനനിലെ ഗ്രാമപ്രദേശത്ത് ആക്രമണം നടക്കുന്നുവെന്നാണ് വിവരം. തെക്കന്‍ ലെബനനിലെ അല്‍-ജര്‍മാഖ്, അല്‍-മഹ്‌മൂദിയ, മൗണ്ട് നിഹ എന്നിവിടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിതാനി നദിയുടെ വടക്ക് ഭാഗത്തുള്ള റോക്കറ്റ് ലോഞ്ചിങ് പ്ലാറ്റ്‌ഫോമുകളിലും ആയുധങ്ങള്‍ സൂക്ഷിച്ച കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു.
ഹിസ്ബുള്ളയുടെ സാന്നിധ്യം ലെബനനും ഇസ്രായേലും തമ്മിലുള്ള സുരക്ഷാ ധാരണകള്‍ ലംഘിക്കുന്നതാണെന്നും ഇതുമൂലമാണ് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രയേലിന്റെ വിശദീകരണം. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് വിവരം. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ലെബനനില്‍ നിന്നുള്ള ഭീഷണികളെ നേരിടാനുള്ള അനിവാര്യമായ ആക്രമണമാണ് നടത്തിയതെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു.
STORY HIGHLIGHT : New Israeli strikes in southern Lebanon