ഖത്തർ: ഇറാൻ ആക്രമണത്തെ തുടർന്ന് താല്‍ക്കാലികമായി അടച്ചിട്ട ഖത്തറിന്റെ വ്യോമപാത വീണ്ടും തുറന്നു. ഹമദ് വിമാനത്താവളത്തില്‍ ഖത്തര്‍ സമയം രാത്രി 12 മണിയോടെ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി. ഖത്തറിലെ അമേരിക്കൻ വ്യോമ താവളത്തിലായിരുന്നു നേരത്തെ ഇറാൻ ആക്രമണം നടത്തിയത്. ഖത്തർ വ്യോമഗതാഗതം തുറന്നതിന് പിന്നാലെ കുവൈറ്റും വ്യോമഗതാഗതം പുനസ്ഥാപിച്ചു.
പ്രസക്തമായ ആഭ്യന്തര-അന്തർദേശീയ ഏജൻസികളുമായുള്ള ഏകോപനത്തിന്റെ അടിസ്ഥാനത്തിലാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ സാധാരണ നിലയിലാക്കിയതെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ വ്യക്തമാക്കി.
വ്യോമപാത തുറന്നതിനെ തുടർന്ന് ഖത്തറിലേക്കുള്ള തിരുവനന്തപുരത്ത് നിന്നുള്ള വിമാന സർവീസുകൾ പുനസ്ഥാപിച്ചു. തിരുവനന്തപുരം- ദുബായ് എമിറേറ്റ്സ് വിമാനം, തിരുവനന്തപുരം – അബുദാബി എത്തിഹാദ്, തിരുവനന്തപുരം – ഷാർജ എയർ അറേബ്യ എന്നിവ പുറപ്പെട്ടു. ഇന്ന് പുലർച്ചയാണ് വിമാനങ്ങൾ എത്തിയതും പുറപ്പെട്ടതും.
ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസിൻ്റെ ആക്രമണത്തിന് തിരിച്ചടിയായി ദോഹയിലുള്ള യുഎസ് സൈനിക താവളം ഇറാൻ ഇന്നലെ ആക്രമിച്ചതിനെ തുടർന്നാണ് വ്യോമപാത അടച്ചത്. ആക്രമണത്തിൽ ആറോളം മിസൈലുകൾ അയച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു മിസൈൽ ഖത്തർ വ്യോമതാവളത്തിൽ പതിച്ചതായി ഖത്തർ സ്ഥിരീകരിച്ചു.