തെഹ്‌റാൻ: അമേരിക്ക പ്രഖ്യാപിച്ച വെടിനിർത്തൽ തള്ളി ഇറാൻ. വെടിനിർത്തലിന് ധാരണയായിട്ടില്ലെന്നും യാതൊരുവിധ കരാറുകളും നിലവിൽ വന്നിട്ടില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് ആരാഗ്ചി വ്യക്തമാക്കി. സയണിസ്റ്റ് ശത്രുവിനുള്ള തിരിച്ചടിയുടെ ഭാഗമായി ആരംഭിച്ച സൈനിക ഓപ്പറേഷൻ ലക്ഷ്യം നേടും വരെ തുടരും. ഇസ്രയേൽ ആക്രമണം നിർത്തിയാൽ വെടിനിർത്തൽ പരിഗണിക്കുമെന്ന് ഇറാൻ. രാജ്യത്തെ സംരക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധമെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയും ഇറാനിലേക്ക് ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്റാനിലും കറാജിലും റാഷ്തിലും വൻ സ്ഫോടനങ്ങൾ ഉണ്ടായി.
ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയായി ദോഹയിലുള്ള യുഎസ് സൈനിക താവളം ഇറാൻ ഇന്നലെ ആക്രമിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായാണ് ട്രംപ് വ്യക്തമാക്കിയത്.
















