നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സി.പി.ഐ.എം. നാളെ മുതൽ മൂന്നുദിവസം നടക്കുന്ന പാർട്ടി നേതൃയോഗങ്ങൾ ഫലം അവലോകനം ചെയ്യും.
നാളെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റും തുടർന്നുളള ദിവസങ്ങളിൽ സംസ്ഥാന സമിതിയുമാണ് ചേരുക. തന്ത്രങ്ങൾ പിഴച്ചത് എവിടെയെന്നും ഭരണവിരുദ്ധ വികാരത്തിന്റെ ആഴം എത്രയാണെന്നുമുള്ള വിലയിരുത്തൽ സിപിഐഎം നേതൃയോഗത്തിൽ ഉണ്ടാകും. 1600ൽ പരം വോട്ടുകൾക്ക് നിലമ്പൂരിൽ ജയിക്കും എന്നായിരുന്ന മണ്ഡലം കമ്മിറ്റി നേതൃത്വത്തിന് നൽകിയ കണക്ക്.
അതേസമയം നിലമ്പൂരിൽ വിധി നിർണയിച്ചത് ഭരണവിരുദ്ധ വികാരവും പി വി അൻവർ പിടിച്ച വോട്ടുകളുമാണ്. മണ്ഡലത്തിൻ്റെ മനസിലിരുപ്പ് തിരിച്ചറിയുന്നതിൽ സി പി ഐ എം പരാജയപ്പെട്ടു. മികച്ച സ്ഥാനാർത്ഥി, പി വി അൻവർ പിടിക്കുന്ന യു ഡി എഫ് വോട്ടുകൾ, ആര്യാടൻ ഷൗക്കത്തിനോട് ലീഗിന് പിണക്കം, അന്തരിച്ച വിവി പ്രകാശിൻ്റെ സുഹൃത്തുക്കളുടെ വോട്ട്, എപി സുന്നി വിഭാഗത്തിൻ്റെ പിന്തുണ.
ഇവയൊക്കെ മതി പാട്ടും പാടി ജയിക്കാനെന്ന് സിപിഐഎം കണക്കുക്കൂട്ടി. ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം ഉപയോഗിച്ചിട്ടും എം സ്വരാജിനെ വിജയിപ്പിക്കാൻ സി പിഐഎമ്മിനായില്ല.