നിലമ്പൂരിൽ തന്റെ ജയത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി അടക്കം എല്ലാ സംഘടനകളുടെയും സഹായമുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത്.
വിജയം പ്രതീക്ഷിച്ചതാണ്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയും ഇടതുപക്ഷ സർക്കാരിനെതിരെയും നിലമ്പൂരുകാർ എഴുതിയ വിധിയാണ് ഇതെന്നും കഴിഞ്ഞ ഒമ്പത് വർഷമായി നിലമ്പൂർ അനുഭവിക്കുന്ന അവഗണനയ്‌ക്കെതിരായ പ്രതികരണം കൂടിയായിരുന്നു ഇതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
യുഡിഎഫ് മികച്ച രീതിയിൽ, വളരെ കെട്ടുറപ്പോട് കൂടി മുന്നോട്ടുപോയി എന്നും ഷൗക്കത്ത് കൂട്ടിച്ചേർത്തു. ഇടതുപക്ഷം എത്ര ശ്രമിച്ചാലും മുന്നണിക്കുള്ളിൽ ഒരു പോറൽ പോലും ഏൽപ്പിക്കാൻ സാധിക്കില്ല. രണ്ട് ടേം എംഎൽഎ ആയിരുന്നയാൾക്ക് കിട്ടുന്ന സ്വാഭാവികമായ വോട്ടാണ് അൻവറിന് കിട്ടിയത്. അതിനപ്പുറം ഒന്നും അൻവറിന്റെ കാര്യത്തിൽ സംഭവിച്ചിട്ടില്ല. അൻവറിന്റെ യുഡിഎഫ് പ്രവേശനം തീരുമാനിക്കേണ്ടത് നേതൃത്വമാണ്. അദ്ദേഹം നടത്തിയ നൂറുകണക്കിന് പത്രസമ്മേളനങ്ങളിൽ കൂടുതലും തനിക്കെതിരായിരുന്നു. താൻ അതിനെക്കുറിച്ച് ഒന്നും പ്രതികരിക്കാൻ പോയിട്ടില്ല എന്നും ജനങ്ങൾ തീരുമാനിച്ചാൽ മറ്റൊന്നിനും പ്രസക്തിയില്ല എന്നും ഷൗക്കത്ത് കൂട്ടിച്ചേർത്തു.
ആര്യാടൻ ഷൗക്കത്തിനെ ജമാഅത്തെ ഇസ്ലാമി പിന്തുണച്ചത് നിലമ്പൂരിൽ യുഡിഎഫിനെതിരെ എൽഡിഎഫ് ചർച്ചയാക്കിയിരുന്നു. വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ജമാ അത്തെ ഇസ്ലാമിയെ അനുകൂലിച്ച് വി സി സതീശൻ രംഗത്തുവന്നതും, വി ഡി സതീശനെ തള്ളി ലീഗ് രംഗത്തുവന്നതും നിലമ്പൂരിൽ വലിയ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
content highlight: Aryadan Shoukatth MLA