പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജ്ജം, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവയെ പ്രശംസിച്ച തന്റെ പരാമർശങ്ങൾ ഇന്ത്യയുടെ ജനസമ്പർക്ക ദൗത്യത്തിന്റെ വിജയത്തെ പരാമർശിക്കുന്നതാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. തന്റെ പരാമർശങ്ങൾ പ്രധാനമന്ത്രിയുടെ പാർട്ടിയിൽ ചേരുന്നതിന്റെ സൂചനയല്ല എന്നും കോൺഗ്രസ് എംപി പറഞ്ഞു.
എല്ലാ പാർട്ടികളുടെയും ഐക്യം പ്രകടമാക്കുന്ന ഈ ഔട്ട്റീച്ച് ദൗത്യത്തിന്റെ വിജയത്തെക്കുറിച്ചാണ് ഞാൻ ഒരു ലേഖനത്തിൽ വിവരിച്ചതെന്ന് തരൂർ പറഞ്ഞു. പ്രധാനമന്ത്രി മോദി മറ്റ് രാജ്യങ്ങളുമായി ഇടപെടുന്നതിൽ പ്രകടിപ്പിച്ച ചലനാത്മകതയെയും ഊർജ്ജസ്വലതയെയുമാണ് താൻ പ്രശംസിച്ചത്. ബിജെപിയുടെ വിദേശനയമോ കോൺഗ്രസിന്റെ വിദേശനയമോ ഇല്ല. ഇന്ത്യൻ വിദേശനയം മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
11 വർഷം മുമ്പ് പാർലമെന്റിന്റെ വിദേശകാര്യ സമിതിയുടെ ചെയർമാനായി നിയമിതനായപ്പോൾ താൻ ഇത് പറഞ്ഞിട്ടുള്ള കാര്യമാണെന്നും തരൂർ ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രിയുടെ പാർട്ടിയിൽ ചേരാൻ താൻ ഒരുങ്ങുന്നു എന്നതിൻ്റെ സൂചനയല്ല ഈ പരാമർശങ്ങൾ. മറിച്ച് ഇത് ദേശീയ ഐക്യത്തിന്റെ പ്രസ്താവനയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.