ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ ഇന്ത്യൻ സർക്കാർ ഇറാനെ പിന്തുണയ്ക്കണമെന്നും, ചില നിർണായക സമയങ്ങളിൽ ഇറാൻ ഇന്ത്യയെ പിന്തുണച്ചിട്ടുണ്ട് എന്നും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. രാജ്യത്തിന് 50% അസംസ്കൃത എണ്ണയും ഇറാനിൽ നിന്നാണ് ലഭിക്കുന്നതെന്നും ഖാർഗെ പറഞ്ഞു. മോദി സ്വയം ‘വിശ്വഗുരു’വായി അവതരിപ്പിക്കുകയും വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയും പല രാജ്യങ്ങളുമായി നല്ല ബന്ധമുണ്ടെന്ന് പറയപ്പെടുകയും ചെയ്യുന്നതിനാൽ, ഇറാൻ-ഇസ്രായേൽ യുദ്ധം തടയാൻ മോദി തൻ്റെ നല്ല ബന്ധം ഉപയോഗിക്കണമെന്ന് ഖാർഗെ മാധ്യമങ്ങളോട് വ്യക്തമാക്കി.
മോദി വിശ്വ ഗുരു ആകുന്നതിൽ ആർക്കും പ്രശ്നമില്ല, അദ്ദേഹം ആദ്യം ഹോം ഗുരു ആകണം, സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഖാർഗെ പറഞ്ഞു. യുദ്ധം എന്നാൽ നാശമാണ്. സമാധാനത്തിനും യുദ്ധം അവസാനിക്കുന്നതിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്ന് ഖാര്‍ഗെ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ മോദി അമേരിക്കയിൽ പോയി ‘ഫിർ ഏക് ബാർ ട്രംപ് സർക്കാർ’ എന്ന മുദ്രാവാക്യവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യാൻ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്ത കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ട്രംപ് ഇന്ത്യക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും പകരം നിരവധി നികുതികൾ ചുമത്തുകയാണ് ചെയ്തതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.