കണ്ണൂര്‍ സ്‌ക്വാഡ്, ഉള്ളൊഴുക്ക്, പട തുടങ്ങിയ സിനിമകളിലൂടെ ജനശ്രദ്ധ നേടിയ നടനാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. ഇപ്പോഴിതാ ഉള്ളൊഴുക്ക് എന്ന ചിത്രത്തില്‍ നടി ഉര്‍വശിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് നടന്‍. ചിത്രത്തിലെ ഒരു സീനില്‍ ഉര്‍വശിയുടെ ട്രാന്‍സ്ഫര്‍മേഷന്‍ കണ്ട് പേടിച്ച് പോയെന്ന് മനസുതുറക്കുകയാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ ഇക്കാര്യം മനസുതുറന്നത്.
അര്‍ജുന്റെ വാക്കുകള്‍….
‘ഉള്ളൊഴുക്കില്‍ എനിക്കും ഉര്‍വശി മാമിനും കോമ്പിനേഷന്‍ സീനുകള്‍ വളരെ കുറവാണ്. സിനിമയില്‍ നടി കൈകാര്യം ചെയ്യുന്നതെല്ലാം വളരെ ഇമോഷണലി ഹെവിയായ സീനുകളാണ്. സെറ്റില്‍ ഞാന്‍ എന്നും ഉണ്ടാവാറുണ്ട്. അവിടെ ഉര്‍വശി മാം വളരെ കൂള്‍ ആണ്. കളിച്ചും ചിരിച്ചും തമാശ പറഞ്ഞും ഇങ്ങനെ പറന്ന് നടക്കും. ഒരു ദിവസം വളരെ പ്രധാനപ്പെട്ട ഒരു സീന്‍ എടുക്കുകയായിരുന്നു. അതുവരെ തമാശ പറഞ്ഞ് നടന്നിരുന്ന ഉര്‍വശി മാം, ആക്ഷന്‍ വിളിച്ചപ്പോള്‍ പെട്ടന്ന് ആളാകെ മാറി. ആ ട്രാന്‍സ്ഫര്‍മേഷന്‍ കണ്ട് ഞാന്‍ പേടിച്ച് പോയി’,
പാര്‍വതി തിരുവോത്ത്, ഉര്‍വശി,അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക് .
2024 ജൂണില്‍ തിയേറ്ററുകളിലെത്തിയ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയുണ്ടാക്കിയിരുന്നു. ചിത്രത്തിലെ പാര്‍വതിയുടേയും ഉര്‍വശിയുടേയും പ്രകടനങ്ങള്‍ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളും സിനിമക്ക് ലഭിച്ചു. ഉര്‍വശി മികച്ച നടിയായും അര്‍ജുന്‍ രാധാകൃഷ്ണന് ശബ്ദം നല്‍കിയ റോഷന്‍ മാത്യു മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ജയദേവന്‍ ചക്കാടത്ത് മികച്ച ശബ്ദലേഖകനായും തിരഞ്ഞെടുക്കപ്പെട്ടു. ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്.