നിലമ്പൂർ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്. ഇരുവരും മധുരം കൈമാറി. വലിയ വിജയത്തിന്റെ ആഹ്ലാദം പങ്കിടുന്നതിന് വേണ്ടിയാണ് ഷൗക്കത്ത് എത്തിയത്. വളരെ സന്തോഷമുണ്ട്, ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ വിജയമാണിതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ജനങ്ങൾ കഴിഞ്ഞ കുറച്ച് നാളായി ഭയപ്പാടിൽ ആയിരുന്നുവെന്നും ജനങ്ങൾ അവരുടെ അഭിപ്രായങ്ങൾ ഭയപ്പാടു കൂടാതെ രേഖപ്പെടുത്തിയെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭയപ്പാടിനെതിരെ കേരളത്തിന്റെ ജനവികാരം ആണ് നിലമ്പൂരിൽ കണ്ടതെന്നും കേരളത്തിന്റെ രാഷ്ട്രീയത്തിൽ ഇത് വളരെ ഏറെ ആത്മവിശ്വാസം പകരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ വീണ്ടെടുക്കുന്നതിനുള്ള യജ്ഞത്തിന്റെ പ്രയാണമാണ് നടത്തുവാൻ കഴിഞ്ഞത് അതിന് നിയോഗമാകാൻ ഷൗക്കത്തിന് സാധിച്ചുവെന്നും എല്ലാവിധ ആശംസകളും വിജയങ്ങളും ഷൗക്കത്തിന് നേരുകയാണെന്ന് ശിഹാബ് തങ്ങൾ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഷൗക്കത്തിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ.