തന്റെ “രക്തസാക്ഷിത്വ”ത്തെക്കുറിച്ച് ഖമേനി വളരെക്കാലമായി സംസാരിക്കുന്ന, ഇസ്രായേൽ ഒരു ദിവസം തന്നെ വധിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നതായി തോന്നും പല പ്രസ്ഥവനകളും കേട്ടാൽ. എന്നിരുന്നാലും, കഴിഞ്ഞ ആഴ്ചയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 11 മുതിർന്ന സൈനിക ഉദ്യോഗസ്ഥരും 14 ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടത് ഭീഷണി വർദ്ധിപ്പിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖമേനിയെ നീക്കം ചെയ്യുന്നത് “സംഘർഷം അവസാനിപ്പിക്കാൻ” സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്സ് ഖമേനിയെ “നിലനിൽപ്പ് തുടരാൻ അനുവദിക്കാത്ത ഒരു ആധുനിക ഹിറ്റ്‌ലർ” എന്നാണ് വിശേഷിപ്പിച്ചത്.
സാധാരണ സാഹചര്യങ്ങളിൽ, അയത്തുള്ള ഖമേനി ടെഹ്‌റാനിലെ “ബീത് റഹ്‌ബരി” അഥവാ നേതാവിന്റെ വീട് എന്നറിയപ്പെടുന്ന വളരെ സുരക്ഷിതമായ ഒരു കോമ്പൗണ്ടിലാണ് താമസിക്കുന്നതും ജോലി ചെയ്യുന്നതും. പ്രസംഗങ്ങൾ നടത്തുന്നത് പോലുള്ള പ്രത്യേക അവസരങ്ങൾ ഒഴികെ, അദ്ദേഹം വളരെ അപൂർവമായി മാത്രമേ പരിസരം വിട്ടുപോകാറുള്ളൂ. മുതിർന്ന ഉദ്യോഗസ്ഥരും സൈനിക കമാൻഡർമാരും സാധാരണയായി ആഴ്ചതോറുമുള്ള മീറ്റിംഗുകൾക്കായി അദ്ദേഹത്തെ അവിടെ സന്ദർശിക്കാറുണ്ട്, കൂടാതെ അദ്ദേഹത്തിന്റെ പൊതു പ്രസംഗങ്ങൾ കോമ്പൗണ്ടിനുള്ളിൽ നിന്നാണ് അരങ്ങേറുന്നത്.
എന്നാൽ ഇസ്രയോൽ ആക്രമണം തുടരുന്നതിനിടെ ആയത്തുള്ള ഖമേനിയെ ഇപ്പോൾ അതീവ സുരക്ഷയുള്ള ഒരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷ അതീവ രഹസ്യവും ഉന്നതവുമായ ഒരു യൂണിറ്റാണ് കൈകാര്യം ചെയ്യുന്നത്. ഇറാനിൽ നിന്ന് അദ്ദേഹത്തിന്റെ ജീവന് ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കർശനമായി പരിശോധിച്ച അംഗരക്ഷകരുടെ സംരക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളതെന്ന് ടെഹ്‌റാനിലെ ഉദ്യോഗസ്ഥർ യുകെ ടെലിഗ്രാഫിനോട് പറഞ്ഞു. ഖമേനിയെ പുറത്താക്കുന്നതിലൂടെ ഭരണമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
ഖമേനി ഭരണകൂടത്തിന്റെ വിവിധ തലങ്ങളിലേക്ക് ഇസ്രായേലി ഇന്റലിജൻസ് നുഴഞ്ഞുകയറിയിരുന്നെന്നാണ് സൂചന, കൂടാതെ അദ്ദേഹത്തിന് കാവൽ നിൽക്കുന്ന സുരക്ഷാ യൂണിറ്റ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പോലും മറച്ചുവെച്ചിരുന്നു.
1989 മുതൽ ഇറാൻ ഭരിക്കുന്ന 86 വയസ്സുള്ള നേതാവ് ഇപ്പോൾ ഈ രഹസ്യ യൂണിറ്റിന്റെ 24/7 സംരക്ഷണത്തിലാണ്. ഇസ്രായേലും ഇറാനും പരസ്പരം ആക്രമണം നടത്തിയതിനാലാണിത്,
“അദ്ദേഹം മരണത്തിൽ നിന്ന് ഒളിച്ചോടുന്നില്ല, ബങ്കറിലല്ല,” ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ നേരത്തെ യുകെ ടെലിഗ്രാഫിനോട് പറഞ്ഞിരുന്നു. “പക്ഷേ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണ്, നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യത ഒഴിവാക്കാൻ ആരും അറിയാത്ത ഒരു യൂണിറ്റ് അദ്ദേഹത്തിന്റെ സംരക്ഷണത്തിന് ഉത്തരവാദിയാണ്.”
യുഎസ് ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ പ്രവേശിക്കുന്നതുവരെ സുപ്രീം ലീഡർ ഒരു ബങ്കറിൽ ആയിരുന്നില്ല. ജൂൺ 21 ന് യുഎസ് യുദ്ധത്തിൽ ചേർന്നു. ഫോർഡോയിലെ ആഴത്തിലുള്ള ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ഉൾപ്പെടെ മൂന്ന് ഇറാനിയൻ ആണവ കേന്ദ്രങ്ങൾ യുഎസ് സൈന്യം ബോംബിട്ട് തകർത്തതായി പ്രസിഡന്റ് ട്രംപ് ശനിയാഴ്ച വൈകി പ്രഖ്യാപിച്ചു, ഇത് സംഘർഷം ഗണ്യമായി വഷളാക്കി.
വധശ്രമങ്ങളെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തുന്നതിനാൽ, ഖമേനി തന്റെ ആശയവിനിമയം വിശ്വസ്തരായ സഹായികളിലേക്കുള്ളതായി ചുരുക്കുകയും എല്ലാ ഇലക്ട്രോണിക് രീതിയിലുള്ള സമ്പർക്കങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. ബാഹ്യശക്തികൾക്ക് അദ്ദേഹത്തിന്റെ സ്ഥാനം കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഇറാന്റെ അടിയന്തര യുദ്ധ പദ്ധതികളെക്കുറിച്ച് പരിചയമുള്ള മൂന്ന് സ്രോതസ്സുകൾ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
ഇസ്രായേൽ ഒരു ഭരണമാറ്റത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്, ഖമേനി ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് അസാധ്യമായിരിക്കും. ഹിസ്ബുള്ള പേജർ സ്ഫോടനങ്ങളിലൂടെയും ഇസ്രായേൽ വിരുദ്ധ നേതാക്കളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിലൂടെയും ഇസ്രായേൽ തങ്ങളുടെ ചാരവൃത്തിയുടെ ആഴവും ആക്രമണ ശേഷിയും പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാൽ, ഖമേനിയെക്കുറിച്ചുള്ള ഭയം യഥാർത്ഥമാണ്.അങ്ങനെ, ഖമേനി ഒരു ബങ്കറിൽ അഭയം പ്രാപിച്ചു, സൈനിക കമാൻഡ് ശൃംഖലയിൽ നിരവധി പകരക്കാരെ ഇതിനകം തിരഞ്ഞെടുത്തു, നിലവിലുള്ള സംഘർഷത്തിൽ തന്റെ “വിലപ്പെട്ട ലെഫ്റ്റനന്റുമാർ” പലരും കൊല്ലപ്പെടുമെന്ന് മുൻകൂട്ടി കണ്ടു.
ഏതായാലും ഇപ്പോൾ ഇസ്രയേലും ഇറാനും വെടിനിർത്തൽ കരാറിലേക്ക് നീങ്ങുകയാണ്. ഇറാനിൽ ഭരണമാറ്റം ചർച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും ഖമേനിയുടെ ജീവനുള്ള ഭീഷണ തൽകാലികമായി അവസാനിച്ചു എന്ന് വേണം കരുതാൻ