ഭാഷയുടെ പേരിൽ തമിഴ്നാടും കേന്ദ്ര സർക്കാരും തമ്മിലുള്ള പോര് തുടങ്ങിയിട്ട് കുറച്ചുകാലമായി. കേന്ദ്രത്തിന് സംസ്കൃത്തോടുള്ള അമിത സ്നേഹവും ദക്ഷിണെന്ത്യൻ ഭാഷകളോടുള്ള അവഗണനയും നേരത്തേയും വാർത്തയായിട്ടുള്ളതാണ്. ഇപ്പോഴിത കേന്ദ്രത്തിനെതിരെ പ്രസ്ഥാവനയുമായി തമിഴ്നാട് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുകയാണ്. ഭാഷാ ധനസഹായത്തിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പക്ഷപാതം കാണിക്കുന്നുവെന്നാണ് സ്റ്റാലിൻ ആരോപിക്കുന്നത്.തമിഴിനെയും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളെയും അവഗണിക്കുമ്പോൾ സംസ്‌കൃതത്തിന് അനുകൂലമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ സ്റ്റാലിൻ എഴുതി, “സംസ്‌കൃതത്തിന് കോടികൾ ലഭിക്കുന്നു; തമിഴിനും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകൾക്കും ലഭിക്കുന്നത് മുതലക്കണ്ണീർ മാത്രമാണ്. തമിഴിനോടുള്ള വ്യാജ വാത്സല്യം; എല്ലാ പണവും സംസ്‌കൃതത്തിനാണ്!”
2014-15 നും 2024-25 നും ഇടയിൽ സംസ്‌കൃതത്തിന്റെ പ്രചാരണത്തിനായി കേന്ദ്രം 2,532.59 കോടി രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശ നിയമത്തിലൂടെയും പൊതു രേഖകളിലൂടെയും ലഭിച്ച ഡാറ്റയെ അടിസ്ഥാനമാക്കി ദി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ അഞ്ച് ക്ലാസിക്കൽ ഇന്ത്യൻ ഭാഷകൾക്കായി 147.56 കോടി രൂപ അനുവദിച്ചതിന്റെ 17 മടങ്ങ് കൂടുതലാണ് ഇത്.
വടക്കേ ഇന്ത്യൻ പൈതൃകവുമായും ഹിന്ദു മതപാരമ്പര്യവുമായും പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്ന സംസ്‌കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് തമിഴ്‌നാടിന്റെ, സാംസ്കാരികവും ഭാഷാപരവുമായ മുൻഗണനകൾ മാറ്റിവെക്കപ്പെടുന്നുവെന്ന ദ്രാവിഡ പാർട്ടികളുടെ ദീർഘകാലമായുള്ള ആശങ്കയാണ് സ്റ്റാലിന്റെ പ്രസ്താവന പ്രതിഫലിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്നായ തമിഴിന്റെ പ്രാധാന്യം തമിഴ്‌നാട് മുഖ്യമന്ത്രി ആവർത്തിച്ച് ഓർമ്മിപ്പിക്കാറുണ്ട്, മാത്രമല്ല അതിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനും കേന്ദ്രം അതുരസേവനം മാത്രമാണ് നൽകുന്നതെന്ന് പലപ്പോഴും കുറ്റപ്പെടുത്തിയിട്ടുണ്ട്.