ഹൈദരാബാദ് ചുറ്റി മലയാള സിനിമാ താരം ആന്റണി വർഗീസ്. ചാർമിനാർ സന്ദർശിച്ചതിന്റെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചു. ഹൈദരാബാദിൽ ആണ് പ്രശസ്തമായ റാമോജി ഫിലിം സിറ്റി ഉള്ളത്. മാത്രമല്ല നിരവധി കാഴ്ചകളാണ് അവിടെ കാണാനുള്ളത്.
ഹൈദരാബാദ് ഡയറീസ് എന്ന തലക്കെട്ടോടെ പെപ്പെ പങ്കുവച്ച ചിത്രത്തിന് താഴെ ഒരു ആരാധകന്റെ രസകരമായ കമന്റ് ‘ഇത്ര പോപ്പുലറായ എന്നെ മൈൻഡ് ചെയ്യുന്നില്ലല്ലോ എന്നായിരുന്നു…’ അതിനു താഴെ ചിരിച്ചു കൊണ്ട് ‘‘ഇനിയും സമയമുണ്ടല്ലോ…’’എന്ന മറുപടിയും പെപ്പെ കുറിച്ചിട്ടുണ്ട്.
ഹൈദരാബാദിന്റെ മുഖമുദ്രയാണ് ചാർമിനാർ. നഗരജീവിതത്തിന്റെ എല്ലാ തിരക്കും നെഞ്ചിലേറ്റുന്ന ഓൾഡ് സിറ്റിയിൽ നിലകൊള്ളുന്ന ചരിത്ര സ്മാരകം. നാലു ഭാഗത്തു നിന്നും ഇവിടേയ്ക്കെത്തുന്ന റോഡുകളുണ്ട്. വശങ്ങളിലായ് നൂറുകണക്കിനു കടകളുണ്ട്. പല ദേശങ്ങളിൽ നിന്നെത്തിയ സഞ്ചാരികളും. തേടിയെത്തുന്നവർക്ക് വഴി തെറ്റില്ല; ദൂരെ നിന്നേ കാണാം തലയുയർത്തി നിൽക്കുന്ന നാലു മിനാരങ്ങൾ. ‘നാലു മിനാരങ്ങളുള്ള പള്ളി’ എന്നാണ് ചാർമിനാറിന്റെ അർഥം. ജനജീവിതം ദുസ്സഹമാക്കി നഗരത്തിൽ വ്യാപിച്ച പ്ലേഗ് നിർമാർജനം ചെയ്തതിന്റെ ഓർമയ്ക്കായാണ് ഇതു നിർമിച്ചത്. നഗരത്തിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും ആദ്യത്തെ സന്ദർശന പോയിന്റും ചാർമിനാറാണ്. പൗരാണിക ശിൽപകലയുടെ ചാതുര്യം ഇവിടെ അടുത്തുകാണാം. 149 പടികൾ കയറിയാൽ മുകളിലെത്തും. ഒരാൾക്കു മാത്രം കയറാവുന്ന ഇടുങ്ങിയ പടവുകളിലൂടെ മുകളിലേക്കു കയറുമ്പോഴാണ് ചാർമിനാറിന്റെ യഥാർഥ വലുപ്പം മനസ്സിലാവുക. ഇവിടെ നിന്നു നോക്കുമ്പോൾ തിക്കിത്തിരക്കിയോടുന്ന പഴയ പട്ടണത്തിന്റെ കാഴ്ച മനോഹരമാണ്.
ചാർമിനാറിനോടു ചേർന്ന്, ഓൾഡ് സിറ്റിയുടെ ഹൃദയത്തിലായാണ് പ്രശസ്തമായ മക്കാ മസ്ജിദ്. ഹൈദരാബാദിലെ ഏറ്റവും പഴക്കം ചെന്ന മുസ്‌ലിം ആരാധനാലയമാണിത്. സുൽത്താൻ മുഹമ്മദ് ഖുലി ഖുത്തബ് ഷാ തുടക്കമിട്ട മസ്ജിദിന്റെ നിർമാണം പൂർത്തിയായത് ഔറംഗസേബിന്റെ കാലത്താണ്. മക്കയിൽ നിന്നുകൊണ്ടു വന്ന മണ്ണുപയോഗിച്ച് ചുട്ടെടുത്ത ഇഷ്ടിക കൊണ്ടാണ് മസ്ജിദ് നിർമിച്ചതെന്നു പറയപ്പെടുന്നു. അങ്ങനെയാണ് ‘മക്കാ മസ്ജിദ്’ എന്ന പേരു വന്നത്. ആരാധനാലയം എന്നതിലുപരി വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് മക്കാ മസ്ജിദ്. മസ്ജിന്റെ വിശാലമായ മുറ്റം നഗരത്തിരക്കുകളിൽ നിന്ന് സഞ്ചാരികളെ ഒളിപ്പിച്ചു നിർത്തുന്നു. നിർമാണ വൈദഗ്ധ്യവും പ്രാർഥനയ്ക്ക് മുൻപ് അംഗശുദ്ധി വരുത്താനുള്ള കുളവുമെല്ലാം മസ്ജിദിന്റെ സവിശേഷതകളാണ്.
ഓൾഡ് സിറ്റി പ്രദേശത്തു തന്നെയാണ് പ്രശസ്തമായ ചൗമഹല്ലാ കൊട്ടാരമുള്ളത്. നൈസാമുമാരുടെ ഔദ്യോഗിക വസതിയായ ചൗമഹല്ല വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ‘നാലു കൊട്ടാരങ്ങൾ’ എന്നർഥം വരുന്ന ‘ചാർ മഹല്ലത്ത്’ എന്ന ഉറുദു വാക്കിൽ നിന്നാണ് കൊട്ടാരത്തിനു ഈ പേരു വന്നത്. പതിനെട്ടാം നൂറ്റാണ്ടിലാണ് നിർമാണം. വിശാലമായ അങ്കണങ്ങളാണ് ചൗമഹല്ലയുടെ ഏറ്റവും വലിയ സവിശേഷത. ഇരുവശത്തുമായി പരന്നു കിടക്കുന്ന കൊട്ടാരം, വലുപ്പമേറെയുള്ള മുറികൾ, നടുവിൽ തണൽമരങ്ങൾ നിറഞ്ഞ വലിയ മുറ്റം, അവിടെയൊരുക്കിയ ഇരിപ്പിടങ്ങൾ…കയറിച്ചെല്ലുന്ന ഏതൊരാൾക്കും കൊട്ടാരത്തോട് ഒരിഷ്ടം തോന്നും. അഫ്താബ് മഹൽ, മെഹ്താബ് മഹൽ, തഹ്നിയത് മഹൽ, അഫ്സൽ മഹൽ എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് ചൗമഹല്ലയുള്ളത്. കാഴ്ചകളിലെ ഏറ്റവും വലിയ സവിശേഷത ഇവിടെ സൂക്ഷിച്ചിരിക്കുന്ന കാറുകളാണ്. വെറും കാറുകളല്ല, ലോകത്തെ കൊതിപ്പിച്ച ആഡംബര കാറുകൾ. 1906ലെ നേപിയർ ടൈപ്, 1912ൽ പുറത്തിറങ്ങിയ റോൾസ് റോയ്സ്, 1934ൽ പുറത്തിറങ്ങിയ ഫോർഡ് ടൂറർ…തുടങ്ങി വാഹനപ്രേമികളായിരുന്ന നൈസാമുമാരുടെ കാറുകളെല്ലാം പുതുപുത്തനായി ഇപ്പോഴും ഇവിടെയുണ്ട്.
രാജ്യത്തെ പ്രധാന മ്യൂസിയങ്ങളിലൊന്നാണ് ഹൈദരാബാദിലെ സാലർജങ്. ചാർമിനാറിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ. ചരിത്ര പ്രധാനമായ പല കാഴ്ചകളും കാലത്തിന്റെ മങ്ങലേൽക്കാതെ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഹൈദരാബാദിന്റെ ചരിത്രവും പൈതൃകവും അടുത്തറിയാൻ ഇതിനെക്കാൾ നല്ലൊരിടമില്ല എന്നു തന്നെ പറയാം. നവാബുമാരായിരുന്ന സാലർജങ് കുടുംബം കൈമാറിയ പുരാവസ്തുക്കളാണ് ഇവിടെയുള്ളതിലേറെയും. കാർപ്പെറ്റുകൾ, ശിൽപ്പങ്ങൾ, പ്രശസ്ത കലാകാരന്മാരുടെ ചിത്രങ്ങൾ, ഫർണിച്ചറുകൾ… എന്നിങ്ങനെ എ ഡി ഒന്നാം നൂറ്റാണ്ടിലെ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന കാഴ്ചകൾ വരെ ഇവിടെ കാണാം.
ഹൈദരാബാദിന്റെ വൈകുന്നേരങ്ങളെ സജീവമാക്കുന്നയിടമാണ് പ്രശസ്തമായ ഹുസൈൻ സാഗർ തടാകം. നഗരത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നുകൂടിയാണ് ചാർമിനാറിൽ നിന്ന് പത്തുകിലോമീറ്റർ മാറിയുള്ള ഈ തടാകം. ഇതിനടുത്തായാണ് സെക്രട്ടേറിയറ്റും എൻടിആർ പൂന്തോട്ടവുമെല്ലാം. 1562ൽ ഹസ്രത്ത് ഹുസൈൻ ഷായാണ് മൂസി നദിക്ക് അനുബന്ധമായി ഈ തടാകം പണികഴിപ്പിച്ചത്. നഗരം നേരിട്ടിരുന്ന ജലക്ഷാമത്തിനു പരിഹാരം കാണുകയായിരുന്നു ലക്ഷ്യം. തടാകത്തിന്റെ നടുവിലായി ഒറ്റക്കല്ലിൽ തീർത്ത ബുദ്ധപ്രതിമയുണ്ട്. 1992ലാണ് ഇതിവിടെ സ്ഥാപിച്ചത്. തടാകത്തിലൂടെയുള്ള ബോട്ട് യാത്രയും ബുദ്ധപ്രതിമാ സന്ദർശനവുമെല്ലാം സഞ്ചാരികൾക്കു വേറിട്ട അനുഭവമാവും. ഇതിനോടു ചേർന്നുള്ള ലുംബിനി പാർക്കും തീർച്ചയായും സന്ദർശിക്കേണ്ട ഇടമാണ്. കുട്ടികൾക്കായുള്ള കളിയിടങ്ങളും മൈതാനങ്ങളും ഫൂഡ് കോർട്ടുമെല്ലാമുള്ള ലുംബിനി പാർക്ക്, കുടുംബസഞ്ചാരികളുടെ കേന്ദ്രമാണ്. രണ്ടായിരം പേരെ ഉൾക്കൊള്ളാവുന്ന രാജ്യത്തെ ആദ്യ ലേസർ ഓഡിറ്റോറിയമുള്ളതും ലുംബിനി പാർക്കിലാണ്.
മാർബിളിൽ കൊത്തിയ വിസ്മയമെന്നാണ് ഹൈദരാബാദിലെ ബിർളാ ക്ഷേത്രം അറിയപ്പെടുന്നത്. ഹിൽ ഫോർട്ട് റോഡിൽ നിലകൊള്ളുന്ന ഈ ക്ഷേത്രം കാണാനായി ജാതിമതഭേദമന്യേ സന്ദർശകരെത്തുന്നു. കുന്നിൻമുകളിലെ ഈ വെങ്കിടേശ്വരക്ഷേത്രം രാജസ്ഥാനിൽ നിന്നു കൊണ്ടുവന്ന വെള്ള മാർബിൾ മാത്രം ഉപയോഗിച്ചാണ് നിർമിച്ചത്. 1966ൽ തുടങ്ങിയ നിർമാണം പൂർത്തിയാവാൻ പത്തു വർഷമെടുത്തു. മഹദ് വചനങ്ങൾ രേഖപ്പെടുത്തിയുള്ള ക്ഷേത്ര ചുമരുകളും വിശാലമായ ക്ഷേത്രാങ്കണവുമെല്ലാം ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നു.
ഹൈദരാബാദിലെ ഏറ്റവും വലിയ വിസ്മയമേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഗോൽക്കോണ്ട കോട്ട. നഗരത്തിൽ നിന്ന് പതിനൊന്നു കിലോമീറ്റർ മാറി നിലകൊള്ളുന്ന ഈ കോട്ട ഒരു കാലത്ത് ഖുത്തുബ് ഷാഹി രാജകുടുംബത്തിന്റെ ഭരണ സിരാകേന്ദ്രമായിരുന്നു. പല കാലങ്ങളിലായി നിർമിക്കപ്പെട്ട കോട്ട അവസാനം നടന്ന യുദ്ധങ്ങളിൽ തകർന്നു. എങ്കിലും പ്രൗഡി മങ്ങാത്ത കാഴ്ചകൾ ഇപ്പോഴും ഇവിടെയുണ്ട്. മന്ത്രിമാരുടെ ഓഫിസ്, രത്നങ്ങൾ സൂക്ഷിച്ചിരുന്ന മുറികൾ, കുന്നിൻ മുകളിലെ പ്രധാന കെട്ടിടം, ക്ഷേത്രം, മസ്ജിദ് തുടങ്ങി കഴിഞ്ഞ കാലത്തിലേക്കു വെളിച്ചം വീശുന്ന ചരിത്രശേഷിപ്പുകൾ കാണാം. ശബ്ദസംവിധാനമാണ് ഈ കോട്ടയുടെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്. താഴെ കവാടത്തിൽ നിന്നു കൈ കൊട്ടിയാൽ അങ്ങ് മുകളിൽ വരെ പ്രതിധ്വനി കേൾക്കാം. വിശാലമായ കോട്ടയുടെ നടവഴികളും മുകളിൽ നിന്നുള്ള നഗരക്കാഴ്ചയുമെല്ലാം ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഹൈദരാബാദ് അനുഭവങ്ങളാണ്.
നഗരത്തിന്റെ ഷോപ്പിങ് കേന്ദ്രമാണ് ചാർമിനാറിനോട് ചേർന്നുള്ള ലാഡ് ബസാർ. വർണക്കാഴ്ചകളൊരുക്കുന്ന കുപ്പിവളകളും വസ്ത്രങ്ങളും ഒഴുകിനടക്കുന്ന സഞ്ചാരികളുമെല്ലാം ചേർന്നു ഇവിടുത്തെ വൈകുന്നേരങ്ങളെ സജീവമാക്കുന്നു. സുൽത്താൻ മുഹമ്മദ് ഖുലി ഖുത്തബ് ഷാ തന്റെ മകളുടെ കല്യാണഷോപ്പിങ്ങിനായി നിർമിച്ചതാണ് ഈ തെരുവ് എന്നാണ് വാമൊഴിക്കഥ.