ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ തെന്നിന്ത്യൻ നടൻ ശ്രീകാന്തിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജൂലൈ ഏഴ് വരെയാണ് നടനെ ചെന്നൈ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
കൊക്കെയ്ൻ വാങ്ങുന്നതിലും ഉപയോഗിക്കുന്നതിലും ശ്രീകാന്തിന്റെ പങ്കാളിത്തം സൂചിപ്പിക്കുന്ന രേഖാമൂലമുള്ള തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കൂടാതെ മയക്കുമരുന്ന് സംഭരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഒരു ഡിജിറ്റൽ പണമിടപാടും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലാകുന്നതിന് മുമ്പ് നടനെ നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിൽ ശ്രീകാന്തിന് മയക്കുമരുന്ന് ശൃംഖലയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന തെളിവുകൾ പൊലീസ് ശേഖരിച്ചു.
2002 ൽ റോജ കൂട്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. അതിനുശേഷം ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ത്രീ ഇഡിയറ്റ്സിന്റെ തമിഴ് റീമേക്കായ ശങ്കറിന്റെ നൻബൻ ഉൾപ്പെടെ 70 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .
















