മഹാത്മാഗാന്ധി – ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി സമ്മേളനം വിജ്ഞാൻ ഭവനിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും ജോലി ചെയ്യുന്നവർക്ക് ശ്രീനാരായണഗുരു പ്രകാശസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
സമൂഹത്തിനായി തീരുമാനങ്ങളെടുക്കുമ്പോൾ ഗുരുദേവനെ ഓർക്കാറുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘എന്റെ എല്ലാ പ്രിയപ്പെട്ട മലയാളി സഹോദരി സഹോദരൻമാർക്കും വിനീതമായ നമസ്കാരം’ എന്നു പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
ഇന്ത്യയുടെ ചരിത്രത്തിലെ അദ്ഭുതകരമായ ഒരു സംഭവത്തെ ഓർമപ്പെടുത്തുന്ന ദിവസമാണ് ഇന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ കൂടിക്കാഴ്ച സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് പുതിയ ദിശാബോധം നൽകി. കൂടിക്കാഴ്ചയ്ക്ക് ഇന്നും വലിയ പ്രാധാന്യമുണ്ട്. ഇരുവരുടെയും കൂടിക്കാഴ്ച വികസിത ഭാരതത്തിന്റെ സാമൂഹിക ലക്ഷ്യങ്ങള്‍ക്ക് ഇന്നും ഊര്‍ജ ശക്തിയാണ്. നാരായണഗുരുവിന്റെ ആശയങ്ങൾ മാനവസമൂഹത്തിന് വലിയ മുതൽക്കൂട്ടാണെന്ന് മോദി പറഞ്ഞു.