പശ്ചിമേഷ്യയിലെ സമാധാന ചർച്ചയ്ക്ക് അൽപ്പായുസ് മാത്രം വെടിനിർത്തൽ കരാറുകൾ ലംഘിച്ചിരിക്കുകയാണ് ഇരു രാജ്യങ്ങളും. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ ട്രംപ് തന്നെയാണ് ഈക്കാര്യം ലോകത്തെ അറിയിച്ചത്. ദീർഘകാല ശത്രുക്കളായ ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇരു രാജ്യങ്ങളും വെടിനിർത്തൽ ലംഘിച്ചുവെന്ന് തിരുത്തി പറയുകയായിരുന്നു.ഇരു രാജ്യങ്ങളിലും, പ്രത്യേകിച്ച് ഇസ്രായേലിൽ താൻ സന്തുഷ്ടനല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹേഗിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, കരാറിൽ ഒപ്പുവെച്ച ഉടനെ ഇസ്രായേൽ “സാധ്യതകൾ ഉപേക്ഷിച്ചു” എന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ ആണവശേഷി ഇല്ലാതായി എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഇസ്രായേലിനോട് “ആ ബോംബുകൾ ഇടരുത്” എന്ന് അദ്ദേഹം ആവശ്യപ്പെട്ടു, അത് ഒരു വലിയ ലംഘനമാണെന്ന് മുന്നറിയിപ്പ് നൽകി. ജൂത രാഷ്ട്രം അവരുടെ പൈലറ്റുമാരെ വീട്ടിലേക്ക് തിരികെ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന ആരോപണവുമായി നേരത്തെ ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇക്കാര്യം തള്ളിയ ട്രംപ്, രണ്ട് രാജ്യങ്ങളും കരാര്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി. വെടിനിർത്തൽ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാന് കനത്ത തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇറാൻ ഇസ്രയേലിലേക്ക് രണ്ട് ബാലിസ്‌റ്റിക് മിസൈലുകൾ വിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കാറ്റ്‌സിൻ്റെ പ്രസ്‌താവന.
ഇറാന്‍ അയച്ച രണ്ട് മിസൈലുകളും തടഞ്ഞതായി ഐഡിഎഫ് ചീഫ് ഓഫ് സ്‌റ്റാഫ് ലെഫ്റ്റനഡ് ജനറൽ ഇയാൽ സമീർ അറിയിച്ചു. ഇറാൻ ഭരണകൂടത്തിന്‍റെ വെടിനിർത്തൽ ലംഘനത്തിൻ്റെ പശ്ചാത്തലത്തില്‍, തങ്ങൾ ശക്തിമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം വെടിനിര്‍ത്തല്‍ ലംഘിച്ച ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രയേലി സൈന്യവും അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്‌റ്റിട്ടിട്ടുണ്ട്. 12 ദിവസമായി നീണ്ടുനിൽക്കുന്ന പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ന് രാവിലെയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. ആരും ഇതു ലംഘിക്കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പോസ്‌റ്റിട്ടിരുന്നു.
ഇതിന് പിന്നാലെ ഇസ്രയേൽ ഇത് സ്ഥരീകരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ സ്ഥരീകരിച്ചതായി ഔദ്യോഗിക മാധ്യമങ്ങൾ വഴി റിപ്പോർട്ട് ചെയ്‌തിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് സർക്കാർ തലത്തിൽ നിന്നും ഔദ്യോഗിക പ്രസ്‌താവന ഒന്നുമുണ്ടായിരുന്നില്ല. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ട്രംപ് വ്യക്തമാക്കിയത്.