തുടരെയുള്ള ഉപയോഗം മൂലം വീട്ടിലെ വാഷ്ബേസിൻ വൃത്തികേടാവാനുള്ള സാധ്യതയേറെയാണ്. എത്ര വൃത്തിയാക്കിയാലും വാഷ്ബേസിൻ പിന്നെയും കറകൾ തങ്ങി നിൽക്കുന്ന സ്ഥിതി നിങ്ങൾക്കും ഉണ്ടായിട്ടുണ്ടോ ? എങ്കിലിതാ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് വാഷ്ബേസിനുകളും ടാപ്പും വൃത്തിയായി സൂക്ഷിക്കാൻ കിടിലൻ ടിപ്സ്.
ബേക്കിങ് പൗഡർ
പരുക്കൻ പ്രതലമുള്ള സ്ക്രബറുകളോ ബ്രഷുകളോ ഉപയോഗിച്ച് വാഷ്ബേസിൻ ഉരച്ചു കഴുകുന്നത് അത്ര നല്ലതല്ല. പകരം കറകൾ സ്വയം നീങ്ങുന്ന തരത്തിൽ ബേക്കിങ് പൗഡർ ഉപയോഗിക്കാം. അതിനായി അൽപം ബേക്കിങ് പൗഡർ നനവുള്ള വാഷ്ബേസിനിൽ വിതറുക. അൽപസമയം അതേ നിലയിൽ തുടരാൻ അനുവദിക്കണം. പിന്നീട് ഒരു തുണി ഉപയോഗിച്ച് തുടച്ചു നീക്കിയാൽ വാഷ്ബേസിൻ വൃത്തിയായിരിരിക്കുന്നത് കാണാം.
വിനാഗിരി
ഒരു പാത്രത്തിൽ തുല്യ അളവിൽ വിനാഗിരിയും വെള്ളവും എടുക്കുക. ക്ലീനറിന് പകരം വാഷ്ബേസനിലും ഫിറ്റിങ്ങുകളിലും ഈ മിശ്രിതം ഉപയോഗിക്കാം. ഒരു കോട്ടൺ തുണി വിനാഗിരി കലർത്തിയ വെള്ളത്തിൽ മുക്കിയ ശേഷം കറയോ പാടുകളോ ഉള്ള ഭാഗത്ത് വയ്ക്കാം. 10 മുതൽ 15 മിനിറ്റ് വരെ ഇതേ നിലയിൽ തുടരാൻ അനുവദിക്കണം. ശേഷം മൃദുവായ സ്പോഞ്ചും വെള്ളവും ഉപയോഗിച്ച് പ്രതലം തുടച്ചാൽ മതിയാകും. മിനറൽ കാസ്റ്റുകൊണ്ട് നിർമിച്ച വാഷ്ബേസിനുകളിൽ വിനാഗിരിയോ സിട്രിക് ആസിഡോ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
സ്ടീം ക്ലീനർ
വാഷ്ബേസിനിലെ ദ്വാരങ്ങളും ഫിറ്റിങ്ങുകളിലെ വിടവുകളും വൃത്തിയാക്കുന്നത് അത്ര എളുപ്പമല്ല. എന്നാൽ സ്ടീം ക്ലീനർ ഈ ഇടങ്ങളെല്ലാം വൃത്തിയാക്കാൻ സഹായിക്കും. ഡ്രെയിൻ വൃത്തിയാക്കാനും സ്ടീം ക്ലീനർ ഉപയോഗപ്രദമാണ്. ടാപ്പിൻ്റെ എയറേറ്ററുകളിൽ അടിഞ്ഞുകൂടിയ അഴുക്ക് നീക്കം ചെയ്യാൻ സ്ടീം ക്ലീനറിലെ നോസിലോ ചെറിയ വൃത്താകൃതിയിലുള്ള ബ്രഷോ ഉപയോഗിക്കാം. വൃത്തിയാക്കിയ ശേഷം മൈക്രോഫൈബർ തുണികൊണ്ട് തുടച്ചെടുത്താൽ മതിയാകും.
നാരങ്ങയും ഉപ്പും
പതിവായുള്ള ഉപയോഗം മൂലം മങ്ങി കിടക്കുന്ന വാഷ്ബേസിൻ വൃത്തിയാക്കാൻ നാരങ്ങയും ഉപ്പും ഉപയോഗിക്കാം. നാരങ്ങ മുറിച്ച് നീരുള്ള ഭാഗം ഉപ്പിൽ മുക്കിയ ശേഷം വാഷ്ബേസനിൽ മൃദുവായി ഉരച്ചു കൊടുക്കാം. കറകളും ദുർഗന്ധവും അകന്ന് വാഷ്ബേസിൻ പുതിയത് പോലെ വെട്ടിത്തിളങ്ങും.
ടാപ്പുകൾ വൃത്തിയാക്കാൻ
• ഓരോ തവണയും ഉപയോഗിച്ചതിനു ശേഷം സോപ്പ് പതയോ വെള്ളത്തുള്ളികളോ ടാപ്പിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അത് അപ്പപ്പോൾ തുടച്ചുനീക്കുക എന്നതാണ് ടാപ്പ് വൃത്തിയാക്കുന്നതിനുള്ള ആദ്യപടി.
* ഡിഷ് വാഷ് ലിക്വിഡ് വെള്ളത്തിൽ കലർത്തി വയ്ക്കുക. പരുക്കനല്ലാത്ത തുണി ഈ ലായനിയിൽ മുക്കിയ ശേഷം അത് ഉപയോഗിച്ച് ടാപ്പ് തുടച്ചു കൊടുക്കാം. അതിനുശേഷം വെള്ളം ഒഴിച്ച് കഴുകി മൈക്രോ ഫൈബർ തുണികൊണ്ട് തുടച്ചെടുത്താൽ മതിയാകും.
* ബേക്കിങ് സോഡയും വിനാഗിരിയും കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഈ പേസ്റ്റ് ടാപ്പിലെ വിടവുകളിലും ഡിസൈനുകൾക്കുള്ളിലും തേച്ചുപിടിപ്പിക്കാം. ഒന്നോ രണ്ടോ മിനിറ്റിനു ശേഷം ബ്രഷ് ഉപയോഗിച്ച് തന്നെ ഉരച്ച് കഴുകിയാൽ അഴുക്ക് നീങ്ങി ടാപ്പ് വൃത്തിയായി കിട്ടും.
* കറകൾ പറ്റിപ്പിടിച്ചിട്ട് ടാപ്പിന്റെ ഭംഗി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ സാധാരണ വെളുത്ത ടൂത്ത്പേസ്റ്റ് വൃത്തിയാക്കലിന് ഉപയോഗിക്കാം. ടൂത്ത്പേസ്റ്റ് തുണിയിലോ ബ്രഷിലോ പുരട്ടിയ ശേഷം നന്നായി ഉരച്ച് കഴുകുക. ടൂത്ത്പേസ്റ്റ് മൂന്നു മിനിറ്റ് വരെ ടാപ്പിൽ തുടരാൻ അനുവദിക്കണം. പിന്നീട് സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി മൃദുവായ തുണികൊണ്ട് തുടച്ചു വൃത്തിയാക്കാം.