മഹിന്ദ്രയുടെ ഇലക്ടിക്ക് എസ്‌യുവിയായ XEV 9e 7 സീറ്റർ വിപണിയിലെത്തുന്നു. തങ്ങളുടെ ഇലക്ട്രിക് വാഹന ഉൽപ്പന്ന ശ്രേണി കൂടുതൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 2025 അവസാനത്തോടെ മഹീന്ദ്ര ഒരു പുതിയ 7 സീറ്റർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഇതിന്റെ പ്രൊഡക്ഷൻ പതിപ്പിനെ ‘മഹീന്ദ്ര XEV 7e’ എന്ന് വിളിക്കാൻ സാധ്യതയുണ്ട്. ഇത് അടിസ്ഥാനപരമായി XEV 9e കൂപ്പെ എസ്‌യുവിയുടെ മൂന്ന് നിര പതിപ്പായിരിക്കും. മഹീന്ദ്ര XEV 9e 7-സീറ്റർ എസ്‌യുവിയുടെ ഔദ്യോഗിക വിശദാംശങ്ങളും സവിശേഷതകളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, 5 സീറ്റർ പതിപ്പുമായി നിരവധി ഡിസൈൻ ഘടകങ്ങൾ, ഫീച്ചറുകൾ, പാർട്‍സുകൾ, പവർട്രെയിൻ തുടങ്ങിയവ ഇവി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.
XEV 9e യുടെ 7-സീറ്റർ പതിപ്പ് എന്ന നിലയിൽ, വരാനിരിക്കുന്ന മഹീന്ദ്ര XEV 7e 59kWh, 79kWh LFP (ലിഥിയം-ഇരുമ്പ് ഫോസ്ഫേറ്റ്) ബാറ്ററികളുമായി വരാൻ സാധ്യതയുണ്ട്, ഇവ യഥാക്രമം 286bhp, 231bhp ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയിരിക്കുന്നു. MIDC സൈക്കിളിൽ, ചെറിയ ബാറ്ററി 542 കിലോമീറ്റർ അവകാശപ്പെടുന്ന റേഞ്ച് നൽകുന്നു. വലിയ ബാറ്ററി പതിപ്പ് പൂർണ്ണ ചാർജിൽ 656 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു. എങ്കിലും, മഹീന്ദ്ര XEV 9e 7-സീറ്ററിന്റെ റേഞ്ച് അതിന്റെ 5-സീറ്റർ സഹോദരനുമായി താരതമ്യപ്പെടുത്തുമ്പോൾ അൽപ്പം വ്യത്യസ്‍തമായിരിക്കും.