അടുത്തിടെ ഒടിടിയിൽ ഇറങ്ങിയ മലയാള ചിത്രമായ ‘ലൗലി’ക്കെതിരെ പകര്‍പ്പവകാശലംഘനം ആരോപിച്ച് രാജമൗലി ചിത്രമായ ‘ഈഗ’യുടെ നിര്‍മാതാവ് രംഗത്ത്. ചിത്രത്തിന്റെ നിര്‍മാതാവ് സായി കൊറപതി ‘ലൗലി’ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു.
സിനിമയിൽ വിഎഫ്എക്സ് വഴി ചെയ്തിരിക്കുന്ന ഈച്ച, തങ്ങളുടെ സിനിമയുടെ ഈച്ചയുടെ അതേ കോപ്പിയാണെന്നാണ് ഇവരുടെ ആരോപണം. ആരോപണം നിഷേധിച്ച ലൗലി സിനിമയുെട സംവിധായകന്‍ ദിലീഷ് കരുണാകരന്‍ വിഷയം നിയമപരമായി നേരിടുമെന്ന് അറിയിച്ചു.
ഈച്ചയുടെ കഥാപാത്ര രൂപകൽപ്പന ഈഗ ടീമിന്റെ ബൗദ്ധിക സ്വത്താണെന്നും സിനിമയുടെ എല്ലാ ദൃശ്യ, സൗന്ദര്യ, ആഖ്യാന ഘടകങ്ങളുടെയും പൂർണ അവകാശം അവർക്കാണെന്നും നോട്ടീസിൽ അവകാശപ്പെടുന്നു. “ഞങ്ങളുടെ ക്ലൈന്റിന്റെ വ്യക്തമായ സമ്മതമില്ലാതെ ഈ കഥാപാത്രത്തിന്റെ ഏതെങ്കിലും പുനർനിർമാണമോ അനുകരണമോ നിയമപ്രകാരം പകർപ്പവകാശ ലംഘനമാണ്,” നോട്ടീസിൽ പറയുന്നു.
സംവിധായകൻ ദിലീഷ് കരുണാകരൻ കോപ്പിയടി ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. സിനിമയുടെ സിജിഐ സ്വതന്ത്രമായി വികസിപ്പിച്ചെടുത്തതാണെന്നും ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ ടീമിന്റെ പക്കലുണ്ടെന്നും അദ്ദേഹം വാദിച്ചു.
ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്ത് ആഷിക് അബു ഛായാഗ്രാഹകനായ ലൗലി കഴിഞ്ഞ മെയ് 16നാണ് തിയറ്ററുകളിലെത്തിയത്. 2012ല്‍ രാജമൗലി സംവിധാനം ചെയ്ത ഈഗയിലെ ഈച്ച പകര്‍ത്തിയത് നിയമലംഘനമാണെന്ന് ആരോപിച്ചാണ് ലൗലിയുടെ നിര്‍മാതാക്കളായ വെസ്റ്റേണ്‍ ഘട്ട് പ്രൊഡക്ഷന്‍സിനും നിയോ എന്‍റര്‍ടെയിന്‍മെന്‍റ്സിനും വക്കീല്‍ നോട്ടീസ് ലഭിച്ചത്.
‘ലൗലി’ സിനിമയുമായി നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ക്കൊപ്പം സിനിമയില്‍നിന്ന് ലഭിച്ച വരുമാനവും കൈമാറിയില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറഞ്ഞു. തിയറ്ററുകളില്‍ സാമ്പത്തികമായി പരാജയപ്പെട്ട ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ എത്തിയത്.
















